രക്ഷപ്പെട്ട മറ്റ് രണ്ട് ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്
പ്രതീകാത്മക ചിത്രം
ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കിഷ്ത്വാർ ജില്ലയിലെ ചത്രോ സിംഗ്പോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനിടെയാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട മറ്റ് രണ്ട് ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഓപ്പറേഷൻ ട്രാഷി' എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന സംയുക്ത ഓപ്പറേഷനിലൂടെയാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്. ലോക്കൽ പൊലീസ് നൽകിയ വിവരങ്ങൾ അനുസരിച്ചാണ് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചത്. ഇപ്പോൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന തീവ്രവാദികൾ അടുത്തിടെ ഇതേ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട സംഘത്തിലെ അംഗങ്ങളാണെന്നാണ് റിപ്പോർട്ട്.
ഭീകരരെ കീഴടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഈ മാസം ആദ്യം, താഴ്‌വരയിൽ നടന്ന രണ്ട് പ്രധാന ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ ജമ്മു കശ്മീർ പൊലീസും, സൈന്യവും, സിആർപിഎഫും ചേർന്ന് ആറ് ഭീകരരെ വധിച്ചിരുന്നു. ഇതിൽ മൂന്ന് പേർ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ്.
അതേസമയം ഡൽഹിയിൽ പഹൽഗാം മോഡൽ അക്രമം പദ്ധതിയിട്ട രണ്ട് ഐഎസ്ഐ ഭീകരരെ പിടികൂടി. അൻസുറുൾ മിയ അൻസാരി, ഹമദ് റിയാസ് ഗിലാനി എന്നിവരാണ് പിടിയിലായത്. ഇന്ത്യ ഗേറ്റ് അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആക്രമണം നടത്താനായിരുന്നു ഇരുവരും പദ്ധിയിട്ടിരുന്നത്. ഡൽഹിയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരങ്ങൾ ഇവർ ശേഖരിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.