ജമാ അത്തെ ഇസ്ലാമിയെ ഒരിക്കലും ഭീകര സംഘടനയായി കണ്ടിട്ടില്ല; സിപിഎമ്മും അവരുടെ വോട്ടു വാങ്ങിയിട്ടുണ്ട്: ഇ.ടി. മുഹമ്മദ് ബഷീര്‍

എസ്ഡിപിഐയുമായി ഒരു സഖ്യവുമില്ല. അതിനോട് വിയോജിക്കുന്നവരാണ് ലീഗെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയെ ഒരിക്കലും ഭീകര സംഘടനയായി കണ്ടിട്ടില്ല; സിപിഎമ്മും അവരുടെ വോട്ടു വാങ്ങിയിട്ടുണ്ട്: ഇ.ടി. മുഹമ്മദ് ബഷീര്‍
Published on


ജമാ അത്തെ ഇസ്ലാമിയെ ഒരിക്കലും ഒരു ഭീകര സംഘടനയായി കണ്ടിട്ടില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍. ജമാ അത്തെ ഇസ്ലാമിയുമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഹകരിച്ചിട്ടുണ്ട്. അത് ഒളിച്ചു വെച്ച കാര്യമായിരുന്നില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. അതേസമയം സിപിഎമ്മും നേരത്തെ ജമാ അത്തെ ഇസ്ലാമിയുമായി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'മുസ്ലീം ലീഗ് ഒരിക്കലും ജമാ അത്തെ ഇസ്ലാമിയെ ഒരു ഭീകര പ്രസ്ഥാനമായി കാണുന്നേയില്ല. അതുകൊണ്ട് തന്നെയാണ് യുഡിഎഫ് പരസ്യമായി തന്നെ അവരുടെ സഹായം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും സ്വീകരിച്ചത്. എന്നാല്‍ പിണറായിയുടെ പാര്‍ട്ടി അവരുടെ കൈയ്യില്‍ നിന്ന് ആനുകൂല്യങ്ങള്‍ എല്ലാം വാങ്ങി. ഇപ്പോള്‍ ഫാസിസത്തിനെതിരായ യോജിച്ച മുന്നേറ്റത്തില്‍ അവര്‍ ഞങ്ങളുടെ കൂടെ നിന്നപ്പോള്‍ അതില്‍ ഭീകരത കണ്ടെത്തുന്നത് വിചിത്രമാണ്,' ഇ.ടി. വിമര്‍ശിച്ചു.


ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള സംഘടനകളെ വളര്‍ത്തുന്നത് മുസ്ലീം ലീഗ് ആണ് എന്നാണ് സിപിഎം ആരോപണം. തികച്ചും തെറ്റായ കാര്യമാണത്. ലീഗ് ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. എസ്ഡിപിഐയുമായി ലീഗിന് ഒരു സഖ്യവുമില്ല. അതിനോട് വിയോജിക്കുന്ന ആളുകളാണ് തങ്ങളെന്നും ഇ.ടി. പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയുമായി കഴിഞ്ഞ തവണ ഞങ്ങള്‍ സഹകരിച്ചിട്ടുണ്ട്. അവരുമായി ബന്ധമുണ്ടായിരുന്നു. അത് ഒളിച്ചു വെച്ച കാര്യമൊന്നും ആയിരുന്നില്ല. മാർക്‌സിസ്റ്റ് പാര്‍ട്ടി പരസ്യമായി തന്നെ എത്രയോ തെരഞ്ഞെടുപ്പില്‍ ഇതിന് മുമ്പ് ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയവരാണ്. അത് അവരും സമ്മതിച്ചിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ അമീര്‍ ഇന്ന് അതേക്കുറിച്ച് സംസാരിച്ചത് കേട്ടുവെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പുസ്തകത്തില്‍ പിഡിപിയെയും മഅദനിയെയുമൊക്കെ ആക്ഷേപിച്ചതായി കണ്ടു. പിഡിപിയെയും മഅദനിയെയും ഒക്കെ സഹായിച്ചതും അവര്‍ തന്നെയാണ്. മഅദനിയുടെ മക്കളുടെ കല്യാണത്തിന് അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു തലയ്ക്കല്‍ ഞാനും മറു തലയ്ക്കല്‍ പിണറായിയും ഉണ്ടായിരുന്നുവെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാര്‍ ഇതുവരെ കെട്ടിപ്പൊക്കിയ കുറേ സങ്കല്‍പ്പങ്ങളുണ്ട്. ഇവിടുത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം അവരുടെ കൈയ്യിലാണ് എന്നു തുടങ്ങിയ കുറേ സങ്കല്‍പ്പങ്ങളാണ് അവ. ആ മുഖംമൂടികളൊക്കെ അഴിഞ്ഞു വീഴാന്‍ കാലമായി. പലഘട്ടങ്ങളിലും ബിജെപിയുമായി അടുത്ത ബന്ധം അവരുടെ നയങ്ങളിലും പരിപാടികളിലും ഉണ്ടായിട്ടുണ്ട്. അതിന് കേരളം സാക്ഷിയാണ്. ആര്‍എസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥന്മാരെ തന്റെ വകുപ്പിന് കീഴില്‍ മുഖ്യമന്ത്രി നിയോഗിച്ചുവെന്നും ഇ.ടി. കുറ്റപ്പെടുത്തി.

സിപിഎം നേതാവ് പി. ജയരാജനെഴുതിയ കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തക പ്രകാശനത്തിനിടെ മുഖ്യമന്ത്രി ജമാ അത്തെ ഇസ്ലാമിയ്‍ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 

മുസ്ലീം ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയും ഒരേ കണ്ണുകൊണ്ട് കാണരുത്. ജമാ അത്തെ ഇസ്ലാമി ഖലീഫമാരുടെ കാലത്തേക്ക് ഭരണത്തെ കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നത്. ജമാ അത്തെ ഇസ്ലാമി ഇസ്‌ലാമിക സാമ്രാജ്യത്വം രൂപീകരിക്കാനുള്ള ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മുസ്ലീം ബ്രദർഹുഡിനെ പോലെയും യമനിലെ ഷിയാ തീവ്രവാദ സംഘടനകളെയും പോലെയാണ് ജമാ അത്തെ ഇസ്‌ലാമി. ലീഗ് വർഗീയ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടുന്നു. അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ജമ്മു കാശ്മീരിൽ അവിടെയുള്ള ജമാ അത്തെ ഇസ്‌ലാമിയുമായി ചേർന്ന് മുഹമ്മദ് യൂസഫ് തരിഗാമിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷിയാണ്. ലീഗ് എസ്ഡിപിഐയുമായി കൂട്ടുകൂടുന്നു. ലീഗ് സംഘപരിവാറിന് ധ്രുവീകരണ സാധ്യതകൾ എളുപ്പമാക്കി കൊടുക്കുന്നു. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നു എന്ന് അഭിമാനത്തോട് കൂടി പറയുന്ന സുധാകരൻ ആണ് ലീഗ് അടങ്ങിയ മുന്നണിയുടെ നേതാവ്. സംഘപരിവാറിൻ്റെ വ്യാജ പ്രചാരണങ്ങളെ തുറന്ന് കാണിക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി മുസ്ലീം ലീഗ് രംഗത്തെത്തിയത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com