ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ഏറ്റവും ഹ്രസ്വമായ ഏറ്റമുട്ടലിന് കൂടിയാണ് അന്ത്യമായത്
ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് തയ്യാറായതോടെ വലിയൊരു ഭീതിയിൽ നിന്നാണ് ലോകത്തിന് മോചനം കിട്ടിയത്. ഹീനമായ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടി പാകിസ്ഥാനും അംഗീകരിച്ചതോടെ വെടിനിർത്തൽ ധാരണയായി. എന്നാൽ മണിക്കൂറുകൾക്കകം ഈ ധാരണ പാകിസ്ഥാൻ ലംഘിച്ചു. രണ്ടാഴ്ചയിലേറെ നീണ്ട ആ സംഭവങ്ങളുടെ നാൾവഴിയിലേക്ക്.
2025 ഏപ്രിൽ 22
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരത്തിനെത്തിയവരെ തോക്കുധാരികൾ തടഞ്ഞു നിർത്തുന്നു. പങ്കാളിമാരോടും മക്കളോടും ഒപ്പം വന്നിരുന്ന പുരുഷന്മാരെ മാത്രം മാറ്റിനിർത്തി വെടിവച്ചുകൊല്ലുന്നു. 26 പുരുഷന്മാർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
2025 ഏപ്രിൽ 23
ഇന്ത്യ സിന്ധു നദീജല ഉടമ്പടി റദ്ദാക്കി. പാകിസ്ഥാനിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഇന്ത്യയിലെ പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. മുഴുവൻ പാക് പൗരന്മാരോടും രാജ്യം വിടാൻ ഇന്ത്യ ഉത്തരവിട്ടു.
2025 ഏപ്രിൽ 26
പാകിസ്ഥാൻ സിംല കരാർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കി. പാകിസ്ഥാന്‍റെ വ്യോമപാതയിലൂടെ ഇന്ത്യൻ വിമാനങ്ങൾക്കുള്ള അനുമതി നിഷേധിച്ചു.
2025 മേയ് 7
പുലർച്ചെ 1: 04ന് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുന്നു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലേയും ആറു സ്ഥലങ്ങളിലൂള്ള ഒൻപതുകേന്ദ്രങ്ങൾ ആക്രമിക്കുന്നു. പാകിസ്ഥാനിലെ ഭീകരരെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു ഇന്ത്യയുടെ ആക്രമണം.
2025 മേയ് 8
പാകിസ്ഥാൻ ഡ്രോണുകളും മിസൈലുകളുമായി വമ്പൻ നീക്കം നടത്തുന്നു. ഇന്ത്യയുടെ അത്യാധുനിക സംവിധാനങ്ങൾ ആ നിക്കം പൊളിക്കുന്നു. പാകിസ്ഥാന്‍റെ എല്ലാ നീക്കങ്ങളും തടുത്തു എന്നുമാത്രമല്ല ഇന്ത്യ പാകിസ്ഥാന് തിരിച്ചടിയും നൽകി.
ALSO READ: ജമ്മു കശ്മീരിലെ അതിർത്തി ജില്ലകള്‍ ശാന്തമാകുന്നു; കനത്ത ജാഗ്രത തുടര്‍ന്ന് സൈന്യം
2025 മേയ് 9
ഇന്ത്യ ലഹോറിലെ പാകിസ്ഥാന്‍റെ എയർ ഡിഫൻസ് സിസ്റ്റം തകർക്കുന്നു. പാകിസ്ഥാൻ ഡ്രോണുകളും മിസൈലുകളുമായി 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടരൻ ആക്രമണങ്ങൾ നടത്തുന്നു. സിവിലിയൻ വിമാന സർവീസുകളെ മറയാക്കിയാണ് പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം. സിയാൽക്കോട്ട് ഉൾപ്പെടെയുള്ള പാകിസ്ഥാന്‍റെ വിവിധ കേന്ദ്രങ്ങളിൽ അതിശക്തമായി ഇന്ത്യ തിരിച്ചടിക്കുന്നു.
2025 മേയ് 10
രാവിലെ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള എട്ട് പാകിസ്ഥാനി എയർബേസുകൾ ലക്ഷ്യമിട്ട് ഇന്ത്യയുടെ ആക്രമണം. ബൊളാരി, സർഗോധ എന്നിവിടങ്ങളിലെ എയർസ്ട്രിപ്പുകളും ഇന്ത്യ ആക്രമിച്ചു. ആക്രമണം തുടരുന്നതിനിടെ അമേരിക്കയുടെ ആഭ്യന്തര സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയും പാകിസ്ഥാനുമായി ചർച്ച നടത്തുന്നു. 3. 33ന് പാകിസ്ഥാൻ ഇന്ത്യയുമായി നേരിട്ട് ബന്ധപ്പെട്ട് വെടിനിർത്തലിന് തയ്യാറാണെന്ന് അറിയിക്കുന്നു. അഞ്ചുമണിക്ക് ഇന്ത്യ ഔദ്യോഗികമായി വെടിനിർത്തൽ പ്രഖ്യാപിക്കുന്നു. ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ഏറ്റവും ഹ്രസ്വമായ ഏറ്റമുട്ടലിന് കൂടിയാണ് അന്ത്യമായത്.