ക്രിസ്മസ് ദിനത്തിലും കണ്ണീരൊഴിയാതെ ഗാസ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 23 പേർ

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്
ക്രിസ്മസ് ദിനത്തിലും കണ്ണീരൊഴിയാതെ ഗാസ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 23 പേർ
Published on

ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് അറുതി വരുത്താൻ പ്രാർത്ഥിച്ചുകൊണ്ടാണ് ഗാസയിലെ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ക്രിസ്മസ് ആഘോഷിച്ചത്. യേശുവിൻ്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ബെത്‌ലഹേമിൽ എത്തിച്ചേർന്ന വിശ്വാസികള്‍ തങ്ങളുടെ പ്രാർത്ഥനകൾ ഇസ്രയേല്‍ വംശഹത്യയുടെ ഇരകൾക്കാണ് സമർപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 23 പേരാണ് ഗാസയില്‍ ആകമാനം കൊല്ലപ്പെട്ടത്. 39 പേർക്കാണ് ആക്രമണങ്ങളില്‍‌ പരുക്കേറ്റത്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. തുല്‍ക്കർമിലെ അഭയാർഥി ക്യാംപിനു നേർക്കാണ് വെടിവെപ്പും ഷെല്ലാക്രമണവുമുണ്ടായത്. മേഖലയിലെ കെട്ടിടങ്ങള്‍ ബുള്‍ഡോസറുപയോഗിച്ച് പൂർണമായി ഇടിച്ചുനിരത്തി. ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആക്രമണങ്ങള്‍ എന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. 18 ഭീകരരെ ആയുധങ്ങള്‍ക്കൊപ്പം കീഴ്‌പ്പെടുത്തിയതായും സൈന്യം വ്യക്തമാക്കി.

2023 ഒക്ടോബർ 7ന് ആരംഭിച്ച ഗാസയ്‌ക്കെതിരായ ഇസ്രയേലിൻ്റെ യുദ്ധത്തിൽ കുറഞ്ഞത് 45,361 പലസ്തീനികൾ കൊല്ലപ്പെടുകയും 107,803 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം, ഭക്ഷ്യ വിതരണത്തിൽ ഇസ്രയേലിൻ്റെ സമ്പൂർണ ഉപരോധമുള്ളതിനാല്‍ വടക്കൻ ഗാസ ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭക്ഷ്യ പ്രതിസന്ധി നിരീക്ഷകരായ FEWS NET അറിയിച്ചു. അടുത്ത മാസത്തോടെ പട്ടിണി മരണങ്ങൾ വർദ്ധിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com