"സിപിഐഎമ്മിൽ മക്കത്തായവും മരുമക്കത്തായവും"; മുൻ SFI സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു
മുൻ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും, മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. സത്യസന്ധമായി ചുമതല നിർവഹിക്കാൻ കഴിയാത്ത സംഘടനയായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാറിയെന്ന് പറഞ്ഞായിരുന്നു ഗോകുൽ ഗോപിനാഥ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി രണ്ടാം ഓപ്ഷൻ അല്ല, തൻ്റെ ഇഷ്ടമാണെന്നും ഗോകുൽ പറഞ്ഞു.
17 വർഷം എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രാദേശിക ചുമതലകളിലടക്കം പ്രവർത്തിച്ച ശേഷമാണ് ഗോകുൽ ഗോപിനാഥ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. തന്റേത് കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും സിപിഐഎമ്മിലെ പെട്ടി തൂക്കുകാരുടെ ശിങ്കിടിയായല്ല ജനിച്ചതെന്നും ബിജെപി അംഗത്വം നേടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ ഗോകുൽ പറഞ്ഞു. എസ്എഫ്ഐയും ഡിവൈഎഫ്ഐയും സത്യസന്ധമായി ചുമതല നിർവഹിക്കാൻ കഴിയാത്ത സംഘടനകളായി മാറി. സിപിഐഎമ്മിനെ നിയന്ത്രിക്കുന്നത് പവർ ക്ലസ്റ്ററാണ്. അതിനെതിരെ വിദ്യാർഥികളുടെ താൽപര്യം ഉയർത്തിപ്പിടിച്ചതാണ് താൻ ചെയ്ത തെറ്റ്. സിപിഐഎമ്മിൽ മക്കത്തായവും മരുമക്കത്തായവുമാണെന്ന് ആരോപിച്ച ഗോകുൽ ബിജെപി രണ്ടാം ഓപ്ഷൻ അല്ല, തൻ്റെ ഇഷ്ടമാണെന്നും കൂട്ടിച്ചേർത്തു.
സംസ്കൃത കോളേജിൽ മദ്യപിച്ച് ഡാൻസ് കളിച്ചതിന് 2021ൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആയിരിക്കെ ഗോകുൽ പാർട്ടി നടപടി നേരിട്ടിരുന്നു. എന്നാൽ മദ്യപിച്ച് നൃത്തം ചെയ്തുവെന്നത് ചിലർ മെനഞ്ഞ കഥ മാത്രമാണെന്ന് ഗോകുൽ പറയുന്നു. വീഡിയോയിൽ തൻ്റെ കയ്യിൽ മദ്യക്കുപ്പിയില്ല. വ്യക്തിഹത്യ നടത്താനും ചുമതലകളിൽ നിന്ന് മാറ്റാനും സിപിഐഎം നേതാക്കൾ നൽകിയ നിർവചനമാണിതെന്നും ഗോകുൽ ആരോപിച്ചു.