'രാജ്യവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടിട്ടും സർക്കാർ എന്ത് നടപടി സ്വീകരിച്ചു'; വിശദമായ റിപ്പോർട്ട് തേടി ഗവർണർ

ഫോൺ ചോർത്തല്‍ വിവാദത്തില്‍ സർക്കാർ നടപടികളിലും ഗവർണർ അതൃപ്തി അറിയിച്ചു
'രാജ്യവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടിട്ടും സർക്കാർ എന്ത് നടപടി സ്വീകരിച്ചു'; വിശദമായ റിപ്പോർട്ട് തേടി ഗവർണർ
Published on

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തില്‍ സർക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടിട്ടും എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് ചോദിച്ച ഗവർണർ ഇത്തരം പ്രവർത്തനം നടത്തുന്നത് ആരാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ഇന്ന് തന്നെ സമർപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഗവർണർ നിർദ്ദേശം നൽകി.

ആരാണ് രാജ്യ വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നതെന്ന് പറയാനുള്ള ബാധ്യത സർക്കാറിനില്ലേ? അറിഞ്ഞിട്ടും എന്തുകൊണ്ട് സർക്കാർ മിണ്ടിയില്ലെന്നും ഗവർണർ ചോദിച്ചു. ഒരു നടപടിയും എടുക്കാതിരുന്നത് ശരിയല്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തുകൊണ്ട് തന്നോട് പങ്കുവെച്ചില്ല?  നടപടിയെടുത്ത ശേഷമാണ് മാധ്യമങ്ങളോട് സംസാരിക്കേണ്ടയിരുന്നതെന്നും ഗവർണർ പറഞ്ഞു. അവസാന മൂന്നുവർഷത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കണക്ക് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനർത്ഥം കഴിഞ്ഞ മൂന്നു വർഷവും ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെന്നാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി.

Also Read: എഡിജിപിയെ മാറ്റണമെന്നതാണ് സിപിഐ നിലപാട്; പൂരം കലക്കലില്‍ ത്രിതല അന്വേഷണം സ്വാഗതം ചെയ്ത് വി.എസ്. സുനില്‍കുമാർ

ഫോൺ ചോർത്തല്‍ വിവാദത്തില്‍ സർക്കാർ നടപടികളിലും ഗവർണർ അതൃപ്തി അറിയിച്ചു. 10 ദിവസം മുന്‍പ് മുഖ്യമന്ത്രിയോട് റിപ്പോർട്ട് ചോദിച്ചിട്ടും ഇതുവരെ ഒരു മറുപടിയും തന്നില്ലെന്ന് ഗവർണർ അറിയിച്ചു. ഫോൺ ചോർത്തലിൽ തനിക്ക് ആശങ്കയുണ്ടെന്നും റിപ്പോർട്ടിനായി കുറച്ച് ദിവസം കൂടി കാത്ത് നിൽക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

നിലമ്പൂർ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോർത്തല്‍ ആരോപണത്തെ അതീവ ഗൗരവത്തോടെയാണ് ഗവർണർ ആദ്യം മുതല്‍ സമീപിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ ക്യാബിനറ്റ് മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയെന്നായിരുന്നു പി.വി. അൻവറിൻ്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കയ്യിലുണ്ടെന്നും അൻവർ അവകാശപ്പെട്ടിരുന്നു. എഡിജിപിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഫോൺ ചോർത്തിയെന്ന് അൻവറും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഫോണ്‍ ചോർത്തിയതിന് തോമസ് പീലിയാനിക്കലിൻ്റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസ് അന്‍വറിനെതിരെ കേസെടുത്തിട്ടുണ്ട്. ടെലി കമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ദ ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലെ മലപ്പുറത്തെക്കുറിച്ചുള്ള പരാമർശം വിവാദമായിരിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 150 കിലോഗ്രാം സ്വര്‍ണവും 123 കോടി രൂപയുടെ ഹവാല പണവും കേരള പൊലീസ് പിടികൂടിയെന്നും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേരളത്തിലേക്ക് ഇത്തരത്തില്‍ പണം കടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്തത്. എന്നാൽ പരാമർശം മുഖ്യമന്ത്രി നടത്തിയതല്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി.

ഇതിന് പിന്നാലെ സംഭവത്തിൽ ദ ഹിന്ദു പത്രവും ഖേദം പ്രകടിപ്പിച്ചു. അഭിമുഖത്തിൽ തെറ്റ് സംഭവിച്ചെന്ന് വ്യക്തമാക്കി ദ ഹിന്ദു വിശദീകരണ കുറിപ്പിറക്കി. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്ന് തെറ്റിദ്ധരിപ്പിച്ച് പി.ആർ ഏജൻസി നൽകിയ വാർത്തയുടെ നിജസ്ഥിതി ഉറപ്പുവരുത്തുന്നതിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചുവെന്ന് പത്രം സമ്മതിക്കുകയായിരുന്നു. മുഖ്യമന്ത്രിയുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആർ ഏജൻസിയായ 'കൈസൻ' ദി ഹിന്ദുവിനെ സമീപിച്ചിരുന്നുവെന്ന് ദി ഹിന്ദുവിന്‍റെ എഡിറ്റർ വിശദീകരണക്കുറിപ്പിൽ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com