സ്കൂൾ കാലം മുതൽക്കേ കോഹ്ലി ഇന്ത്യൻ ടീമിൽ കളിക്കുന്നത് സ്വപ്നം കണ്ടിരുന്നുവെന്നാണ് അധ്യാപിക ഇപ്പോൾ വെളിപ്പെടുത്തുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ കുട്ടിക്കാലത്തെ രസകരമായൊരു ഓർമ പങ്കുവെച്ച് സ്കൂൾ അധ്യാപിക വിഭ സച്ച്ദേവ്. സ്കൂൾ കാലം മുതൽക്കേ കോഹ്ലി ഇന്ത്യൻ ടീമിൽ കളിക്കുന്നത് സ്വപ്നം കണ്ടിരുന്നുവെന്നാണ് അധ്യാപിക ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഇന്ത്യൻ ടീമിൻ്റെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ ആവുകയായിരുന്നു അക്കാലത്ത് കോഹ്‌ലിയുടെ ഏറ്റവും വലിയ ആഗ്രഹമെന്നും വിഭ പറഞ്ഞു.
ഒരു സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോഹ്ലിയുടെ അധ്യാപിക വിഭ സച്ച്‌ദേവ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. "പഠനത്തോടൊപ്പം തന്നെ ക്രിക്കറ്റ് പരിശീലനവും ഒരുമിച്ച് കൊണ്ടുപോകാൻ കോഹ്‌ലിക്ക് വളരെ ചെറുപ്പം മുതലേ സാധിച്ചു. സ്കൂളിലെ എല്ലാ പരിപാടികളിലും വിരാട് കോഹ്ലി പങ്കെടുക്കാറുണ്ട്. എല്ലാ സ്കൂൾ പരിപാടികളിലും വിരാട് ഉത്സാഹത്തോടെ പങ്കെടുത്തിരുന്നു. മാഡം, ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ ഞാനായിരിക്കും എന്നാണ് പലപ്പോഴും കുഞ്ഞു കോഹ്ലി ആവർത്തിച്ചു പറയാറുള്ളത്. ആ ചെറിയ കുട്ടിയുടെ കണ്ണുകളിലെ ആത്മവിശ്വാസം ഞങ്ങൾ കണ്ടിട്ടുണ്ട്. എപ്പോഴും ഞങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ കോഹ്‌ലിക്ക് സാധിക്കാറുണ്ട്" അധ്യാപിക വിഭ സച്ച്ദേവ് പറഞ്ഞു.
ALSO READ: 27 കോടി സഞ്ജീവ് ഗോയങ്ക പാഴാക്കിയോ? ഐപിഎല്ലിൽ മോശം ഫോം തുടർന്ന് റിഷഭ് പന്ത്
"വിരാട് എപ്പോഴും പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. ശരാശരിയിൽ കൂടുതൽ പ്രകടനം കാഴ്ചവെച്ചിരുന്നു. പരിശീലനത്തിന് കൂടുതൽ സമയം എടുത്തപ്പോൾ മാത്രമാണ് അദ്ദേഹത്തിന് കുറച്ച് മാർക്ക് നഷ്ടപ്പെട്ടത്. ക്രിക്കറ്റ് പരിശീലനത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷം വൈകിയാണ് ഞാൻ എന്റെ പരീക്ഷയ്ക്ക് തയ്യാറെടുത്തതെന്ന് വിരാട് പലപ്പോഴും പറയാറുണ്ടായിരുന്നു. കായികരംഗത്തും പഠനത്തിലും മികവ് പുലർത്താൻ അവൻ ഏറെ കഠിനാധ്വാനം ചെയ്തു. പശ്ചിമ വിഹാറിലെ വിശാൽ ഭാരതി പബ്ലിക് സ്കൂളിലെ അധ്യാപകർ കോഹ്‌ലിയുടെ നിശ്ചയദാർഢ്യം പൂർണമായി മനസിലാക്കുകയും അദ്ദേഹവുമായി സഹകരിക്കുകയും ചെയ്തു," വിഭ സച്ച്ദേവ് പറഞ്ഞു.
ALSO READ: 6, 6, 6, 6, 6, 6; കൊൽക്കത്തയെ തച്ചുടച്ച് ഐപിഎൽ റെക്കോർഡിട്ട് റിയാൻ പരാഗ്!