രക്ഷകരാകുന്ന തടവുകാർ; കാലിഫോർണിയയിലെ തീയണയ്ക്കാന്‍ ജയില്‍ തടവുകാരും

939 തടവുകാരാണ് കാലിഫോർണിയയിലെ തീയണയ്ക്കാന്‍ ദൗത്യത്തില്‍ പങ്കാളികളാകുന്നത്
രക്ഷകരാകുന്ന തടവുകാർ; കാലിഫോർണിയയിലെ തീയണയ്ക്കാന്‍ ജയില്‍ തടവുകാരും
Published on

ഒരേ സമയം ആറിടങ്ങളില്‍ പടരുന്ന കാട്ടൂതീ കാലിഫോർണിയയെ അസാധാരണ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ സർവസന്നാഹങ്ങളും ദുരന്തമുഖത്തിറങ്ങുമ്പോള്‍, തീയോട് നേരിട്ട് പൊരുതുന്ന അഗ്നിശമനസേനാംഗങ്ങളില്‍ ഓറഞ്ച് യൂണിഫോമണിഞ്ഞ ഒരു വിഭാഗത്തെ കാണാം. പ്രത്യേക പരിശീലനം ലഭിച്ച തടവുകാരാണ് അവർ.

തീപടർന്ന ഒന്നാം ദിനം, 300ലധികം തടവുകാരാണ് കാലിഫോർണിയയില്‍ ദുരന്തമുഖത്തിറങ്ങിയത്. അഞ്ചു ദിവസത്തിനിപ്പുറം അവരുടെ എണ്ണം ആയിരത്തിനടുത്താണ്. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കറക്ഷൻസ് ആൻഡ് റീഹാബിലിറ്റേഷന്‍റെ കണക്കനുസരിച്ച് 939 പേർ. ഡിസിസിആറിനു കീഴിലെ കൺസർവേഷൻ ക്യാംപുകളില്‍ നിന്നുള്ള സ്ത്രീ-പുരുഷ തടവുകാരാണിവർ. ക്യാൽ ഫയർ എന്നറിയപ്പെടുന്ന കാലിഫോർണിയ വനം-അഗ്നിരക്ഷാസേനാ വിഭാഗത്തിന്‍റെ 2000ത്തോളം അഗ്നിശമനാസേനാംഗങ്ങൾക്കൊപ്പം ഓറഞ്ച് യൂണിഫോമണിഞ്ഞ് ഇവർ രക്ഷാപ്രവർത്തനത്തിന് മുന്നണിയിലുണ്ട്.

കാലിഫോർണിയയിലുടനീളം 35 കൺസർവേഷൻ ക്യാംപുകളാണ് ഡിസിസിആറിനുള്ളത്. ഇതില്‍ രണ്ടെണ്ണം വനിതാതടവുകാർക്ക് പ്രത്യേകമായുള്ളതാണ്. നിലവില്‍ ഈ ക്യാംപുകളിലായി 1,870 തടവുകാർ ദുരന്തസാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം നേടുന്നുണ്ട്. കാലിഫോർണിയയുടെ ആകെ അഗ്നിശമനസേനയുടെ 30 ശതമാനത്തോളം ഇന്ന് ഡിസിസിആർ സേനാംഗങ്ങളാണ്.

എട്ടു വർഷമോ അതില്‍ താഴെയോ മാത്രം തടവുശിക്ഷ വിധിക്കപ്പെട്ട ചെറിയ കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവർക്കാണ് ഈ ക്യാംപുകളില്‍ പുനരധിവാസത്തിന് പരിശീലനം ലഭിക്കുന്നത്. ലെെംഗിക കുറ്റകൃത്യങ്ങൾ പോലുള്ള ഗുരുതര ആക്രമണങ്ങളിൽ ഉള്‍പ്പെട്ടവർ ഈ പരിശീലനത്തിന് അയോഗ്യരാണ്. സാധാരണ സേനാംഗങ്ങളെ അപേക്ഷിച്ച് തുച്ഛമായ വേതനമാണ് ഇവർക്ക് ലഭിക്കുന്നത്. ആറു ഡോളർ മുതല്‍ പത്ത് ഡോളർ വരെയാണ് ഒരു ദിവസത്തെ വേതനം. തൊഴില്‍ സമയത്തിന് പുറത്തെ ഓരോ മണിക്കൂറിനും ഒരു ഡോളർ അധികവേതനം ലഭിക്കും. നിലവിലേതിന് സമാനമായ ദുരന്തസാഹചര്യങ്ങളില്‍ 24 മണിക്കൂറും തൊഴിലെടുക്കുന്ന ഡിസിസിആർ സേനാംഗങ്ങള്‍ക്ക് 27 ഡോളർ വരെ ഒരു ദിവസം വേതനമായി ലഭിക്കും.

1946ൽ ആരംഭിച്ച ഈ പുനരധിവാസ പദ്ധതി തൊഴില്‍ ചൂഷണത്തിന്‍റെ പേരില്‍ വിമർശനത്തിനും വിധേയമായിട്ടുണ്ട്. തൊഴിലിനിടെ മരണപ്പെട്ടാല്‍ സാധാരണ അഗ്നിശമനാസേനാംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ ആദരവോ ഈ തൊഴിലാളികള്‍ക്ക് ലഭിക്കില്ല. ജയില്‍മോചിതരാകുന്ന പക്ഷം, ഈ പരിശീലനവും തൊഴില്‍പരിചയവും ഉപയോഗിച്ച് തൊഴില്‍ നേടുന്നതിനും വെല്ലുവിളികളുണ്ട്. അതേസമയം, കണ്‍വേർഷന്‍ ക്യാംപുകളിലെ മെച്ചപ്പെട്ട ജീവിതനിലവാരം ആനുകൂല്യം തന്നെയാണെന്ന് തടവുകാർ പറയുന്നു. തിങ്ങിഞെരുങ്ങിയ കാലിഫോർണിയയിലെ സാധാരണ ജയിലുകളുമായി താരതമ്യം ചെയ്താൽ മെച്ചപ്പെട്ട ഭക്ഷണവും താമസവും ഇവിടെ ലഭിക്കും. ഒപ്പം ശിക്ഷാ ഇളവിന് അപേക്ഷിക്കുന്നതിനും ഡിസിസിആറിനൊപ്പമുള്ള സേവനം പ്ലസ് പോയിന്‍റാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com