
ഉമ്മൻചാണ്ടിയുടെ കല്ലറയുടെ മുന്നിൽ വികാരാധീനയായി രമ്യാ ഹരിദാസ്. "അദ്ദേഹത്തിന്റെ വില ഞാൻ ഇന്നും അറിയുന്നുണ്ട്. നമ്മുടെ വിഷമങ്ങൾ കേൾക്കാൻ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹം. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് അദ്ദേഹത്തിന്റെ അടുത്ത് നിന്ന് അനുഗ്രഹം വാങ്ങിയിട്ടാണ് പോയത്. പുതുപ്പള്ളിയിലെ കല്ലറയിൽ നിന്നുള്ള അനുഗ്രഹവുമായാണ് ഞാൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നത്"-രമ്യ പറഞ്ഞു. പാലക്കാട് എല്ലാ വിജയ സാധ്യതയും ഉണ്ടെന്നും, കോൺഗ്രസ് പ്രവർത്തകർ പ്രവർത്തനം തുടങ്ങി കഴിഞ്ഞുവെന്നും രമ്യാ ഹരിദാസ് പ്രതികരിച്ചു.
1965ൽ രൂപീകരിക്കപ്പെട്ട ചേലക്കര മണ്ഡലത്തിൽ ഇത് 15ാം തെരഞ്ഞെടുപ്പാണ്. എട്ട് തവണ എൽഡിഎഫിനും ആറ് തവണ യുഡിഎഫിനും ഒപ്പം നിന്ന ചേലക്കരയിലെ ആദ്യ ഉപതെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയും ഉണ്ട്. ആറ് വട്ടം തുടർച്ചയായി വിജയിച്ച സിപിഎമ്മിന് മുൻകാലങ്ങളിൽ അനുകൂലമായത് അഞ്ച് വട്ടവും സ്ഥാനാർഥിയായ കെ. രാധാകൃഷ്ണന്റെ വ്യക്തി പ്രഭാവവും സംഘടനാ അടിത്തറയുമാണ്. രാഷ്ട്രീയ സാഹചര്യങ്ങൾക്കൊപ്പം ജനങ്ങൾ മാറി ചിന്തിച്ചപ്പോഴെല്ലാം ചേലക്കരയുടെ ജനവിധി ഇടതിനൊപ്പമായിരുന്നു.
ആറ് തവണ എൽ.ഡി.എഫ് തുടർച്ചയായി വിജയിച്ച ചേലക്കര മണ്ഡലം തിരികെ പിടിക്കാമെന്നാണ് യുഡിഎഫിൻ്റെ ഇത്തവണത്തെ കണക്ക് കൂട്ടൽ. തൃശൂരിൽ അടുത്തകാലത്ത് ഉണ്ടാക്കാനായ നേട്ടങ്ങളിലൂടെ അട്ടിമറി വിജയമാണ് ബിജെപി സ്വപ്നം കാണുന്നത്.