സിന്ധു ജലക്കരാര്‍ റദ്ദാക്കിയതിനെ തുടർന്നാണ് ഇന്ത്യയുടെ നടപടിയെന്നാണ് റിപ്പോർട്ടുകൾ
പാകിസ്ഥാനെതിരെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനിലേക്കുള്ള ചെനാബ് നദിയുടെ ജലപ്രവാഹം ഇന്ത്യ തടഞ്ഞുവെച്ചതായാണ് റിപ്പോർട്ട്. ചെനാബ് നദിയിലെ ബാഗ്ലിഹാർ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ത്യ താഴ്ത്തി. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലും സമാനമായ നടപടികൾ ആസൂത്രണം ചെയ്യുന്നതായാണ് പിടിഐ റിപ്പോർട്ട്. ബാഗ്ലിഹാർ, കിഷൻഗംഗ എന്നീ ജലവൈദ്യുതി അണക്കെട്ടുകൾ ഉപയോഗിച്ച് പാകിസ്ഥാനിലേക്കുള്ള ജലവിതരണ സമയം ഇന്ത്യക്ക് നിയന്ത്രിക്കാൻ സാധിക്കും. സിന്ധു ജലക്കരാര്‍ റദ്ദാക്കിയതിനെ തുടർന്നാണ് ഇന്ത്യയുടെ നടപടിയെന്നാണ് റിപ്പോർട്ടുകൾ.
ബാഗ്ലിഹാർ അണക്കെട്ട് ഇരു രാജ്യങ്ങൾക്കും ഇടയിൽ വളരെക്കാലമായി നിലനിൽക്കുന്ന തർക്ക വിഷയമാണ്. തർക്കം പരിഹരിക്കാൻ പാകിസ്ഥാൻ മുമ്പ് ലോകബാങ്കിന്റെ മധ്യസ്ഥത തേടിയിരുന്നു. ഝലം നദിയുടെ പോഷകനദിയായ നീലം നദിയിൽ അണക്കെട്ട് സൃഷ്ടിക്കുന്ന ആഘാതം സംബന്ധിച്ച് കിഷൻഗംഗ അണക്കെട്ടും നിയമപരവും നയതന്ത്രപരവുമായ പരിശോധനകൾക്ക് വിധേയമായിട്ടുണ്ട്.
റഷ്യയിലെ പാകിസ്ഥാൻ സ്ഥാനപതി മുഹമ്മദ് ഖാലിദ് ജമാലി ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇന്ത്യ നീരൊഴുക്ക് തടസപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ആക്രമണത്തിന് മുതിരുകയോ പാകിസ്ഥാനിലേക്കുള്ള ജല വിതരണം തടസപ്പെടുത്തുകയോ ചെയ്താൽ ആണവായുധം അടക്കമുള്ള മുഴുവൻ സൈനിക പടക്കോപ്പുകളും ഉപയോഗിക്കുമെന്നായിരുന്നു മുഹമ്മദ് ഖാലിദ് ജമാലിയുടെ ഭീഷണി.
1948-ല്‍ പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇന്ത്യ ആവശ്യത്തിന് വെള്ളം കടത്തിവിടുന്നില്ലെന്ന പരാതിയുമായി പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയിലെത്തി. വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം ലോകബാങ്കിന്‍റെ മധ്യസ്ഥതയിലാണ് ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ധാരണയായത്. സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രധാന ഉടമ്പടിയാണ് അന്ന് ആവിഷ്കരിച്ചത്. 1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് കറാച്ചിയില്‍ വെച്ചാണ് സിന്ധു ജല ഉടമ്പടിയില്‍ ഒപ്പുവെച്ചത്. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 64 വര്‍ഷത്തിലധികമായി പാകിസ്ഥാനുമായി ഏർപ്പെട്ടിരുന്ന ഈ കരാറിൽ നിന്ന് ഇന്ത്യ പിന്മാറി.
ജലക്കരാറിൽ നിന്ന് പിന്മാറിയത് കൂടാതെ നിരവധി നടപടികളാണ് പാകിസ്ഥാനെതിരെ ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം മൂന്ന് കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി നിരോധനമായിരുന്നു ആദ്യം. സമ്പൂര്‍ണ ഇറക്കുമതി നിരോധനമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ ഉത്പാദിപ്പിക്കുന്നതോ, കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ചരക്കുകള്‍ക്കുമാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തി. പാകിസ്ഥാനുമായുള്ള തപാല്‍ ഇടപാടുകളും ഇന്ത്യ അവസാനിപ്പിച്ചു. പിന്നാലെ, ഇന്ത്യന്‍ കപ്പലുകളെ സ്വന്തം തുറമുഖങ്ങളില്‍ നിന്ന് പാകിസ്ഥാനും വിലക്കി.