
പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കാൻ ആലോചനയുമായി ഇന്ത്യ. 2021 മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്ലാഗ് മീറ്റിങിൽ തീരുമാനം ആകാത്തതും ബിഎസ്എഫ് സൈനികനെ വിട്ടുനൽകാത്തതുമാണ് ഇന്ത്യ കടുത്ത തീരുമാനത്തിലേക്ക് പോകാൻ കാരണം. 2021 ഫെബ്രുവരി 25നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാറുണ്ടാക്കിയത്.
2020-2021 കാലയളവിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലുണ്ടായ തുടർച്ചയായ ഏറ്റുമുട്ടലുകൾ, കശ്മീരിലെ തർക്കമേഖലയിൽ വലിയ സംഘഷത്തിന് വഴി വെച്ചിരുന്നു. ഇതാണ് വെടിനിർത്തൽ കരാർ ഉണ്ടാക്കുന്നതിലേക്ക് നയിച്ചത്. എന്നാൽ പഹൽഗാം ഭീകരാക്രമണം, അതിർത്തി കടന്നുള്ള ഷെല്ലാക്രമണം, ബാരാമുള്ള, പൂഞ്ച് എന്നിവിടങ്ങളിൽ നിന്ന് ഭീകരവാദികളെ സൈന്യം വധിച്ചത് എന്നീ സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വെടി നിർത്തൽ കരാർ റദ്ദാക്കാൻ ആലോചിക്കുന്നത്.
ലഷ്‌കർ-ഇ-ത്വയ്ബ, ജെയ്‌ഷെ മൊഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള പ്രതിബദ്ധത പാലിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കും. അതിർത്തി കടന്നുള്ള സ്‌നൈപ്പർ ആക്രമണങ്ങൾ, വെടിനിർത്തൽ കരാർ ലംഘനങ്ങൾ എന്നിവയും കാരണമായി ഇന്ത്യ ചൂണ്ടിക്കാണിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ വാഴ്ത്തിയിരിക്കുകയാണ് പാകിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരൻമാരെ സ്വാതന്ത്ര്യസമര പോരാളികളെന്നാണ് പാകിസ്ഥാൻ ഉപ പ്രധാനമന്ത്രി ഇസ്ഹാഖ് ദാർ വിശേഷിപ്പിച്ചത്. ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഇസ്ഹാഖ് ദാറിൻ്റെ പ്രസ്താവന.
ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് പാകിസ്ഥാൻ്റെ പ്രകോപനപരമായ പ്രസ്താവനയെത്തുന്നത്. "നമ്മൾ നന്ദിയുള്ളവരായിരിക്കണം. അവരും സ്വാതന്ത്ര്യസമരസേനാനികൾ ആയിരിക്കാം. നമുക്കറിയില്ല. എന്തായാലും രാജ്യത്തുണ്ടായ ആഭ്യന്തര പരാജയങ്ങൾക്ക്, ഇന്ത്യ പാകിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്,"- ഇങ്ങനെയായിരുന്നു ഇസ്ഹാഖ് ദാറിൻ്റെ പ്രസ്താവന. ഇന്ത്യ നേരിട്ടുള്ള ആക്രമണത്തിന് മുതിർന്നാല്‍ തിരിച്ചടിക്കുമെന്ന ഭീഷണിയും ഇസ്‌ഹാഖ് ദാർ ഉയർത്തി.