ജമ്മു കശ്മീരിലെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ BSF വധിച്ചു. ജയ്ഷെ മുഹമ്മദ് ബന്ധമുള്ള ഭീകരരെയാണ് BSF ഇല്ലാതാക്കിയത്.
ബുധനാഴ്ച രാത്രിയും ഇന്നലെ പകലും അതിർത്തിയിലും ആകാശത്തും പാകിസ്ഥാൻ തുടർന്ന നിരന്തര പ്രകോപനത്തിന് ഒടുവിലാണ് ഇന്നലെ രാത്രി ഇന്ത്യ തിരിച്ചടിച്ചത്. ശ്രീനഗർ, ജമ്മു, പത്താൻകോട്ട് അടക്കം നഗരങ്ങളേയും സൈനിക പോസ്റ്റുകളേയും ലക്ഷ്യം വച്ച് പാകിസ്ഥാൻ തൊടുന്ന മിസൈലുകളെ എസ് 400 വ്യോമപ്രതിരോധ സംവിധാനമുപയോഗിച്ച് ഇന്ത്യ ആകാശത്തുവച്ചുതന്നെ നിർവീര്യമാക്കി. തുടർന്ന് പാകിസ്ഥാനു മേൽ ഇന്ത്യ വലിയ പ്രഹരമാണ് നടത്തിയത്. ഇന്ന് ജമ്മു സാംബ മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ അതിർത്തി രക്ഷാസേന വധിച്ചു. പാക് പ്രകോപനങ്ങൾ നേരിടുന്നത് ചർച്ച ചെയ്യാൻ ഡൽഹിയിൽ നിർണായക ചർച്ചകൾ തുടരുകയാണ്.
വ്യാഴാഴ്ച രാത്രിയോടെയാണ് ഇന്ത്യ പാക് സംഘർഷത്തിൻ്റെ ആക്രമണങ്ങളുടെ വിവരങ്ങൾ പുറത്തുവരുന്നത്. പഞ്ചാബിലും ജമ്മുവിലും രാജസ്ഥാനിലും പാക് സൈന്യം നടത്തിയ ആക്രമണ ശ്രമം സുദര്‍ശൻ ചക്ര ഉപയോഗിച്ച് ഇന്ത്യ പ്രതിരോധിച്ചു. ഇന്ത്യയുടെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനം എസ്-400 സുദർശൻ ചക്രയാണ് രാജ്യത്തിന് കവചമായത്.
ഹാരോപ് ഹാർവി ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യ തിരിച്ചടി നൽകി. ലാഹോറിലും റാവൽ പിണ്ടിയിലും നാശനഷ്ടങ്ങളുണ്ടായതായി സ്ഥിരീകരണം ഉണ്ടായി. പാക് ആക്രമണത്തെ പ്രതിരോധിക്കാൻ ഇന്ത്യൻ നിർമ്മിത ആകാശ് മിസൈലുകൾ സൈന്യം പ്രയോഗിച്ചുവെന്ന വിവരവും പുറത്തുവന്നു. പാക് അതിർത്തിയിൽ വ്യോമസേനയും കരസേനയും മിസൈലുകൾ വിന്യസിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ ഗുൽബർഗ്, ഉറി, കുപ്വാര, രജൗരി, പൂഞ്ച് മേഖലകളിൽ അതിർത്തിക്കിപ്പുറത്തേക്ക് ഷെല്ലാക്രമണം തുടർന്ന് പാകിസ്ഥാൻ സൈന്യം പ്രകോപനം തുടരുകയാണ്. നേരത്തേ ഉറിയിലുണ്ടായ ഷെല്ലാക്രമണത്തിൽ 40കാരി കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ജമ്മുവിൽ ജയ്ഷെ മുഹമ്മദ് ബന്ധമുള്ള ഭീകരരെയാണ് BSF ഇല്ലാതാക്കിയത്. അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾക്ക് സുരക്ഷിതമേഖലകളിലേക്ക് മാറാൻ ജമ്മുവിൽ നിന്നും ഉദംപൂരിൽ നിന്നും ഡൽഹിയിലേക്ക് ഇന്ന് പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു.
Also Read;"സൈനിക നീക്കങ്ങൾ ലൈവായി ടെലികാസ്റ്റ് ചെയ്യുന്നത് അപകടകരം"; നിർദേശവുമായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം
പഞ്ചാബിലെ ഹോഷിയാപൂരിൽ ഇന്നലെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് തൊടുത്ത മിസൈൽ ഭാഗം കണ്ടെത്തി. കമാഹി ദേവി മേഖലയിലാണ് മിസൈൽ കണ്ടെത്തിയത്. ഇതോടെ ജനം പുറത്തിറങ്ങരുതെന്ന് നിർദേശവും നൽകിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശേഷിക്കുന്ന IPL മത്സരങ്ങളും അനിശ്ചിതകാലത്തേക്ക് BCCI റദ്ദാക്കി. ഇന്നലത്തെ ധരംശാലയിലെ ഐപിഎൽ മത്സരം ഉപേക്ഷിച്ചിരുന്നു. രാജസ്ഥാനിലെ ജയ്സാൽമീർ കിസാൻഘട്ടിൽ ആയുധഭാഗം എന്ന് കരുതുന്ന വസ്തുവിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
അതിനിടെ ലോകരാജ്യങ്ങളോട് പാകിസ്താൻ കൂടുതൽ വായ്പ ആവശ്യപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നു . സംഘർഷ സാഹചര്യവും ഓഹരി വിപണിയുടെ തകർച്ചയും ചൂണ്ടിക്കാട്ടിയാണ് സഹായാഭ്യർത്ഥന. സാമ്പത്തിക കാര്യ മന്ത്രാലയത്തിൻ്റെ പോസ്റ്റിന് പിന്നാലെ ഈ എക്സ് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണവുമായി പാകിസ്താൻ രംഗത്തെത്തി.
ഡൽഹിയിലും ജമ്മുകശ്മീരിലും തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. പ്രധാനമന്ത്രി രാജ് നാഥ് സിങ്ങും പ്രധാനമന്ത്രിയും നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തിയാണ് നീക്കങ്ങൾ പുരോഗമിക്കുന്നത്. കര, വ്യോമ, നാവിക സേനാ മേധാവിമാർ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സംയുക്ത സൈനിക മേധാവിയും യോഗത്തിൽ പങ്കെടുത്തു. ITBP, BSF, SSB മേധാവികളുമാരെ കണ്ട് അമിത് ഷാ അതിർത്തിയിലെ സാഹചര്യം വിലയിരുത്തി. ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിലും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
അതിർത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ഉന്നതതല കൂടിയാലോചനകൾ തുടരുകയാണ്. കേരളത്തിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇതിനിടെ ഇന്ത്യ - പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും ജനറൽ അസിം മാലികും ഫോണിൽ ആശയവിനിമയം നടത്തി. സംഭാഷണത്തിൻ്റെ വിശദാംശങ്ങൾ ഇരുരാജ്യങ്ങളും പുറത്ത് വിട്ടിട്ടില്ല.