
ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സർ പറത്തിയ ടീമായി മാറി ടീം ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ആകർഷകമാക്കാനായി ബേസ്ബാൾ ശൈലി കൊണ്ടുവന്ന സാക്ഷാൽ ഇംഗ്ലണ്ടിനെ പോലും പിന്തള്ളിയാണ് സിക്സറടിയിൽ ഇന്ത്യക്ക് ലോക റെക്കോർഡ് തിരുത്തിയെഴുതിയത്. നിലവിൽ 2024ൽ മാത്രം 90 സിക്സറുകളാണ് ഇന്ത്യ ടെസ്റ്റ് മത്സരങ്ങളിൽ അടിച്ചെടുത്തത്.
നേരത്തെ ഒരു കലണ്ടർ വർഷം 89 സിക്സറുകൾ പറത്തിയ ഇംഗ്ലണ്ടിൻ്റെ പേരിലുണ്ടായിരുന്ന ലോക റെക്കോർഡാണ് രോഹിത് ശർമ്മയും സംഘവും ചേർന്ന് കടപുഴക്കിയത്. ബംഗ്ലാദേശിൻ്റെ 233 റൺസിന് മറുപടിയായി ഒന്നാമിന്നിംഗ്സിൽ ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യ ഓവറിൽ തന്നെ ടീമിൻ്റെ ബാറ്റിംഗ് സ്ട്രാറ്റജി വ്യക്തമാക്കിയിരുന്നു.
ആദ്യ ഓവറിൽ തന്നെ മൂന്ന് കൂറ്റൻ സിക്സറുകൾ പറത്തിയ ഹിറ്റ്മാൻ ഇന്ത്യ കളിക്കുന്നത് ജയിക്കാൻ വേണ്ടി തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ രോഹിത് 3, യശസ്വി ജെയ്സ്വാൾ 2, ശുഭ്മാൻ ഗിൽ 1, വിരാട് കോഹ്ലി 1, കെഎൽ രാഹുൽ 2, ആകാശ് ദീപ് 2 എന്നിങ്ങനെ 11 സിക്സറുകളാണ് പിറന്നത്.
കാൺപൂരിലെ മഴക്കളി കാരണം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലേക്കുള്ള ഫൈനൽ ഉറപ്പിക്കാനുള്ള സുവർണാവസരമാണ് ഇന്ത്യക്ക് നഷ്ടപ്പെടാനിരിക്കുന്നത്. അഞ്ചാം ദിനം ബംഗ്ലാദേശ് സമനില പിടിച്ചാൽ അത് ഇന്ത്യയുടെ മുന്നോട്ടുള്ള മത്സരങ്ങളിൽ ജയം നേടേണ്ടത് അനിവാര്യമാക്കും. അത് ഫൈനൽ പ്രവേശനത്തിന് വിഘാതമാകാനും സാധ്യതയുണ്ട്. സ്കോർ - ഇന്ത്യ 285/9 ഡിക്ലയേഡ്, ബംഗ്ലാദേശ് 233 & 26/2 (11).