ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്‍ ആക്രമണം
ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്‍ ആക്രമണം. പാകിസ്ഥാന്‍റെ ഒരു എഫ്-16, രണ്ട് ജെഎഫ്-17 യുദ്ധവിമാനങ്ങളും അന്‍പതിലധികം ഡ്രോണുകളും സുരക്ഷാസേന തകർത്തു. എട്ടോളം മിസൈലുകളും ഇന്ത്യന്‍ സൈന്യം നിഷ്പ്രഭമാക്കിയതായാണ് റിപ്പോർട്ട്. എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് പാക് ആക്രമണത്തെ ഇന്ത്യ നേരിട്ടത്. നിയന്ത്രണ രേഖയോട് ചേർന്ന് രാജസ്ഥാനും പഞ്ചാബും ഉള്‍പ്പെടെയുള്ള വിവിധ ഇടങ്ങളില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകള്‍.
Also Read: പാക് ആക്രമണങ്ങളുടെ മുനയൊടിക്കുന്ന 'ഹാർപി' ഡ്രോണുകളും 'എസ് 400' ഡിഫൻസ് സിസ്റ്റവും; വിശദമായി അറിയാം
സുരക്ഷയുടെ ഭാഗമായി ജമ്മു, കുപ്‌വാര, സാംബ എന്നിവിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ജയ്സാല്‍മിറും പഞ്ചാബിലെ അമൃത്സറും ബ്ലാക്ക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. പാക് വ്യോമാക്രമണത്തിന് മുന്‍പ് കുപ്‌വാര, അഖ്നൂർ മേഖലകളിൽ അപായ മുന്നറിയിപ്പുമായി സൈറൺ മുഴങ്ങിയിരുന്നു. ജമ്മു വിമാനത്താവളം, ആർഎസ് പുര, അർണിയ, സാംബ, ഹിരാനഗർ, പത്താൻകോട്ട് എന്നിവിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍റെ ആക്രമണമെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, ധരംശാലയില്‍ പുരോഗമിച്ചുകൊണ്ടിരുന്ന ഇന്നത്തെ ഐപിഎൽ മത്സരം ഉപേക്ഷിച്ചു. ഫ്ലഡ് ലൈറ്റുകളുടെ സാങ്കേതിക തകരാർ മൂലമാണ് മത്സരം ഉപേക്ഷിക്കുന്നതെന്നാണ് ഐപിഎല്ലിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാർ അറിയിച്ചത്. എന്നാല്‍ ഇന്ത്യാ-പാക് സംഘർഷത്തിന്‍റെ സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
Also Read: ജയ്ഷെ മുഹമ്മദിന്‍റെ ബുദ്ധികേന്ദ്രം, ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍; ആരാണ് അബ്ദുള്‍ റൗഫ് അസ്ഹർ?
15 ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം സൈന്യം തകർത്തതിനു പിന്നാലെയാണ് സന്ധ്യയോടെ തുടങ്ങിയ പാകിസ്ഥാന്‍ വ്യോമാക്രമണങ്ങളും അതിർത്തിയിലെ ഷെല്ലിങ്ങും. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തർലായ്, ഭുജ് എന്നിവയുൾപ്പെടെ നിരവധി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് പാക് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയത്.