fbwpx
ഗ്രോത്രജനത വിധി നിര്‍ണയിക്കുന്ന ജാര്‍ഖണ്ഡ് രാഷ്ട്രീയം; ദേശീയ പാര്‍ട്ടികളെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ഏറെ

ബി.ജെ.പിയും കോൺഗ്രസും പോലുള്ള ദേശീയ പാർട്ടികൾക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ഇനിയും സാധിച്ചിട്ടില്ലാത്ത സംസ്ഥാനത്ത് ജെ.എം.എം. പോലുള്ള പ്രാദേശിക പാർട്ടികൾക്ക് ശക്തമായ സ്വാധീനം ഉണ്ട്.

ASSEMBLY POLLS 2024


പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവിയും, സംസ്ഥാന സര്‍ക്കാരിൻ്റെ തെരഞ്ഞെടുപ്പും ഗോത്ര ജനതയുടെ തീരുമാനത്തിനനുസരിച്ച് മാറിമറിയുന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. സംസ്ഥാനത്ത് ആകെയുള്ള 81 നിയമസഭാ സീറ്റുകളിൽ 28 എണ്ണം പട്ടിക സംവരണ സീറ്റുകളാണ്. 9 എണ്ണം പട്ടിക ജാതി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു. അതുകൊണ്ടു തന്നെ ഏതൊക്കെ സാഹചര്യങ്ങളില്‍ അവഗണിച്ചാലും തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലെ കാമ്പെയിനുകള്‍ ആദിവാസി ജനതയെ ഉയര്‍ത്തിപ്പിടിച്ചാണ്.

ജാര്‍ഖണ്ഡില്‍ 32 ആദിവാസി വിഭാഗങ്ങളാണ് ഉള്ളത്. ഇതില്‍ മുണ്ട, സന്താല്‍, ഒറാഗണ്‍, ഖരിയ, ഗോണ്ട്, കോള്‍, അസൂര്‍, ലോഹ്റ, ബഞ്ചാര എന്നിങ്ങനെയുള്ള പ്രമുഖ ഗോത്ര വിഭാഗങ്ങള്‍ ചേര്‍ന്നതാണ് ഇത്. ഖുന്തി ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ആദിവാസി ജനസംഖ്യ അനുപാതം ഉള്ളത്. ജില്ലയിലെ ഏകദേശം 73.25 ശതമാനവും ഗോത്ര വിഭാഗത്തില്‍ ഉള്ളവരാണ്. ഏറ്റവും കുറവ് ജനസംഖ്യാനുപാതം കൊണ്ടര്‍മ ജില്ലയിലാണ്. ഇവിടെ 0.96 ശതമാനം മാത്രമാണ് ആദിവാസി ജനസംഖ്യ.ഗോത്ര സംസ്‌കാരം, ധാതു സമ്പത്ത്, സാമ്പത്തിക പാർശ്വവൽക്കരണം തുടങ്ങി ജാർഖണ്ഡിൻ്റെ രാഷ്ട്രീയമാറ്റങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏറെയാണ്. ഗോത്രവിഭാഗത്തിൽ നിന്നുള്ള നേതാക്കളും മറ്റു നേതാക്കളും തമ്മിലുള്ള ആശയപരമായ സംഘർഷങ്ങൾ പ്രാദേശിക പാർട്ടികളിലും സഖ്യങ്ങളിലും വിള്ളലുകൾ വീഴ്ത്തിയ കഥകളും സംസ്ഥാനത്തിനു പറയാനുണ്ട്.

ഗോത്ര വിഭാഗം പ്രധാനമായും ഗ്രാമ പ്രദേശങ്ങളിലാണ് വസിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള ആദിവാസി ജനസംഖ്യ പരിശോധിച്ചാല്‍ ഇതില്‍ 91.7 ശതമാനം പേരും ഗ്രാമ പ്രദേശങ്ങളില്‍ സ്ഥിര താമസം ആക്കിയവരാണ്. ഇന്ത്യയിലെ ആദിവാസി ജനസംഖ്യ അനുപാതം നോക്കുമ്പോള്‍ ജാര്‍ഖണ്ഡ് 12ാം സ്ഥാനത്താണ്. രാജ്യത്തെ മൊത്തം ആദിവാസി ജനസംഖ്യയുടെ 8.3 ശതമാനം സംസ്ഥാനത്ത് ഉണ്ട്. 2011 ലെ സെന്‍സസ് പ്രകാരം ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹത്തിന്റെ മൊത്തം ജനസംഖ്യ 86,45,042 ആണ്. ഇത് മൊത്തം ജനസംഖ്യയുടെ 26.21 ശതമാനമാണ്. ജാർഖണ്ഡ് എന്ന സംസ്ഥാനത്തിൻ്റെ രൂപീകരണം ഗോത്രവർഗ നേതാക്കളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വർഷങ്ങളോളം നീണ്ട ചർച്ചകളുടെ പരണിതഫലമാണെന്ന് തന്നെ പറയാം. ഗോത്രജനതയുടെ സാമൂഹിക-സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരു ഭരണ സംവിധാനമായിരുന്നു ജനങ്ങളുടെ എക്കാലത്തേയും ആവശ്യം.


ബി.ജെ.പിയും കോൺഗ്രസും പോലുള്ള ദേശീയ പാർട്ടികൾക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ഇനിയും സാധിച്ചിട്ടില്ലാത്ത സംസ്ഥാനത്ത് ജെ.എം.എം. പോലുള്ള പ്രാദേശിക പാർട്ടികൾക്ക് വ്യക്തമായ സ്വാധീനം ഉണ്ട്. ആദിവാസി ഭൂമികൾ ആദിവാസികളല്ലാത്തവർക്ക് കൈമാറുന്നതിൽ നിന്ന് സംരക്ഷിക്കുക എന്നതിൽ വന്ന വെല്ലുവിളികളാണ് സംസ്ഥാനത്തെ സർക്കാരുകളെ പിടിച്ചുലച്ചത്. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമാണ് ആദിവാസി വോട്ടുകള്‍. ആദിവാസി സമൂഹം ഒറ്റക്കെട്ടായി നിന്ന് രാഷ്ട്രീയ, മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ ചരിത്രം പേറുന്ന ഇടമാണ് ജാര്‍ഖണ്ഡ്. ബിഹാറില്‍ നിന്ന് സംസ്ഥാനം വിഭജിക്കാന്‍ അറുപതുകളില്‍ നീക്കം നടക്കുമ്പോള്‍ തന്നെ പ്രദേശത്ത് ഗോത്ര വിഭാഗങ്ങളുടെ കൂട്ടായ്മ രൂപപ്പെട്ടതാണ്.

Also Read; ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; മഹാറാലികള്‍ക്കൊരുങ്ങി മുന്നണികള്‍, മോദിയും രാഹുലും പ്രചരണത്തിന്


ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം)


2000 ത്തില്‍ ബിഹാറില്‍ നിന്ന് വിഭജിച്ച് സംസ്ഥാനം രൂപീകരിക്കപ്പെട്ടത് മുതല്‍ തുടര്‍ച്ചയായി 13 വര്‍ഷം ബിജെപിയാണ് സംസ്ഥാന ഭരണത്തില്‍ ഇരുന്നത്. എന്നാല്‍ ഓരോ തവണ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ശക്തി പ്രാപിച്ചുവരുന്നത് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അഥവാ ജെഎംഎം ആണ്. ഇന്ന് സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ കഴിവുള്ള പാര്‍ട്ടി എന്ന നിലയിലേക്ക് ജെഎംഎം വളര്‍ന്നു കഴിഞ്ഞു.

ബ്രിട്ടീഷ് ശക്തികള്‍ക്കെതിരെ ആയുധമെടുത്ത് പോരാടിയ ബിര്‍സ മുണ്ടയുടെ പാത പിന്തുടരുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടിയാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. ബിര്‍സാ മുണ്ടയുടെ ജന്മദിനത്തിലാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. 1973 ല്‍ സന്താള്‍ നേതാവ് ഷിബു സോറന്‍, കുര്‍മി മഹാത്തോ നേതാവ് ബിനോബ് ബിഹാറി മഹാത്തോ, മാര്‍ക്‌സിസ്റ്റ് ട്രേഡ് യൂണിയന്‍ നേതാവ് എ.കെ. റോയ് എന്നിവര്‍ ചേര്‍ന്നാണ് ജെഎംഎം രൂപീകരിക്കുന്നത്. ഷിബു സോറൻ്റെ മകൻ ഹേമന്ത് സോറനാണ് നിലവിൽ സംസ്ഥാനത്തെ മുഖ്യമന്ത്രി. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതിനിടെ ഏറെ നാടകീയമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കാണ് ജാർഖണ്ഡ് സാക്ഷ്യം വഹിച്ചത്.

ഹേമന്ത് സോറന്‍റെ അറസ്റ്റും ചംപയ് സോറന്‍റെ പാർട്ടിമാറ്റവും


ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ അധ്യക്ഷനും, മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത് കൂടി ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. കാവി രാഷ്ട്രീയത്തിന് വഴങ്ങാത്ത സോറനെ കേന്ദ്രം വേട്ടയാടുന്നു എന്ന രാഷ്ട്രീയ മാനം ജാര്‍ഖണ്ഡ് ജനത അംഗീകരിക്കുന്നുണ്ടോ എന്നതും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.

2020-22 ല്‍ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുള്ള ഹേമന്ത് സോറന്‍ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി, എന്നിവയടക്കം മൂന്ന് കള്ളപ്പണക്കേസുകളാണ് ഇ.ഡി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തിരുന്നു. ഹേമന്ത് സോറന്റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനം ചില അസാധാരണ സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായി. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചംപയ് സോറൻ എത്തുന്നത്. പിന്നീട് ഹേമന്ത് സോറന്‍ തിരിച്ചെത്തിയതോടെ സ്ഥാനം ഒഴിയേണ്ടതായും വന്നു. അതേ തുടര്‍ന്ന് ഉടലെടുത്ത ഭിന്നതകള്‍ ചംപയ്‌യെ ബിജെപിയിലെത്തിച്ചു.

ചംപയ് സോറനെന്ന ആദിവാസി നേതാവിന്റെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവും പടിയിറക്കവും കൂടി ഈ തെരഞ്ഞെടുപ്പില്‍ ചൂടൻ ചര്‍ച്ചയാകും. സംസ്ഥാന രൂപവത്കരണ സമരത്തിന്റെ നായകനായ ചംപായി സോറന്‍ ജാര്‍ഖണ്ഡിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മികച്ച സ്വാധീനമുള്ള നേതാവുകൂടിയാണ്. 2005 മുതല്‍ എംഎല്‍എയാണ് ചംപയ്. ജെഎംഎമ്മിന്റെ മുതിര്‍ന്ന നേതാവും ഹേമന്ത് സോറന്റെ വിശ്വസ്തനുമായ ചംപയ് സോറന്‍ 2005 മുതല്‍ എംഎല്‍എയും ഗതാഗത മന്ത്രിയുമായിരുന്നു. ജനങ്ങളുടെ ഇടയില്‍ നല്ല സ്വാധീനമുള്ള 67കാരനായ ചംപയ് സോറന്‍ ജാര്‍ഖണ്ഡിലെ സെറായ്‌കേല ഖരസ്വാന്‍ ജില്ലയിലെ സെറായ്‌കേല മണ്ഡലത്തെയാണ് നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. ജെഎംഎം ഉപാധ്യക്ഷന്‍ കൂടിയായിരുന്നു.

ജാര്‍ഖണ്ഡ് കടുവ എന്ന വിളിപ്പേരുള്ള ചംപയ് സോറന്‍ സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ്. 1956ല്‍ ജാര്‍ഖണ്ഡിലെ സെരായ്‌കേല ഖരസ്വാന്‍ ജില്ലയിലെ ജിലിംഗ്ഗോഗ്ര ഗ്രാമത്തിലാണ് ജനനം. കര്‍ഷകനായിരുന്നു പിതാവ്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹത്തിന് ഏഴ് മക്കളുണ്ട്. ഹേമന്ത് സോറന്റെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ലാത്ത നേതാവ് കൂടിയാണ് ഇദ്ദേഹം. ജെഎംഎം നേതാവ് ഷിബുസോറന്റെയും മകന്‍ ഹേമന്ത് സോറന്റെയും വിശ്വസ്തനായിരുന്നു ചംപയ്. ഹേമന്ത് സോറന്‍ സര്‍ക്കാരില്‍ ഗതാഗതത്തിന് പുറമെ പട്ടികജാതി പട്ടികവര്‍ഗ മറ്റ് പിന്നാക്ക ക്ഷേമ വകുപ്പുകള്‍ കൂടി ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടായി ഒരേ മണ്ഡലത്തെ തന്നെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.


ആദിവാസികളുടെ രക്ഷയെ ചൂണ്ടിക്കാട്ടിയായിരുന്നു ചംപയ് സോറന്റെ ബിജെപി പ്രവേശനം. അതിന് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റമെന്ന വാദത്തെ കാരണമാക്കുകയും ഹേമന്ത് സോറനെതിരെ അത് ആയുധമാക്കുകയും ചെയ്തു. ഇതാണ് ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയും, ജെഎംഎമ്മും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മറ്റൊന്ന് സര്‍ണ ഫാക്ടറാണ്. തങ്ങളെ പ്രത്യേക മതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തെ ആദിവാസികളില്‍ ഭൂരിപക്ഷമായ 'സര്‍ണ' വിഭാഗത്തിന്റെ ആവശ്യമാണ് ബി.ജെ.പിക്കു മുന്നിലെ യഥാര്‍ഥ വെല്ലുവിളിയും 'ഇന്ത്യ' മുന്നണിയുടെ സാധ്യതയും.


Also Read; ബാല്‍ താക്കറെ ഉയര്‍ത്തിക്കെട്ടിയ കൊടിയും പിന്‍ഗാമികളുടെ തമ്മിലടിയും


ജാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോര്‍ച്ച


യുവ നേതാവ് ജയറാം മഹാതോയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോര്‍ച്ച (ജെകെഎല്‍എം) എന്ന മുന്നേറ്റം ബിജെപിക്കും ജെഎംഎമ്മിനും കടുത്ത മത്സരം നല്‍കാന്‍ ഒരുങ്ങുകയാണെന്നതും ഇത്തവണ തെരഞ്ഞെടുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. കുര്‍മി വിഭാഗത്തില്‍ നിന്നുള്ള ആളാണ് ജയറാം മഹാതോ. സംസ്ഥാന രാഷ്ട്രീയത്തില്‍ ആദിവാസികള്‍ക്ക് ശേഷം ഏറ്റവും സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നതാണ് കുര്‍മി വിഭാഗം.


2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗിരിധി, റാഞ്ചി, ഹസാരിബാഗ്, കോഡെര്‍മ, ധന്‍ബാദ് എന്നിവയുള്‍പ്പെടെ എട്ട് മണ്ഡലങ്ങളില്‍ ജെകെഎല്‍എം മാതൃസംഘടനയായ ജാര്‍ഖണ്ഡി ഭാഷാ ഖതിയാന്‍ സംഘര്‍ഷ് സമിതി ( ജെബികെഎസ്എസ്)സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. പാര്‍ട്ടിക്ക് സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും പ്രധാന മണ്ഡലങ്ങളില്‍ കാര്യമായ വോട്ട് വിഹിതം നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. മഹാതോയുടെ മുന്നേറ്റം പ്രമുഖ പാര്‍ട്ടികളുടെ പരമ്പരാഗത വോട്ടു ബാങ്കുകളെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ജാര്‍ഖണ്ഡിലെ 15 ശതമാനത്തിലധികം വോട്ടര്‍മാര്‍ കുഡ്മിയാണ്, ജയറാം മഹാതോയെയും ജെബികെഎസ്എസിനെയും പിന്തുണയ്ക്കാനുള്ള നീക്കം നടത്തിയാല്‍ പ്രമുഖ പാര്‍ട്ടികള്‍ വെള്ളം കുടിക്കും. സില്ലി, രാംഗഡ്, മണ്ടു, ഗോമിയ, ദുമ്രി, ഇച്ചഗഡ് എന്നിവിടങ്ങളില്‍ 75 ശതമാനത്തിലധികം വോട്ടര്‍മാരും കുര്‍മികളാണ്.

1932-ഓടെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവരെ മാത്രമേ ജാര്‍ഖണ്ഡി എന്ന് വിളിക്കാന്‍ കഴിയൂ എന്ന ജാര്‍ഖണ്ഡിലെ വികാരമാണ് ജയറാം മഹാതോ മുതലെടുക്കുന്നത്. സംസ്ഥാനം പരമ്പരാഗതമായി ഗോത്രവര്‍ഗ-വര്‍ഗേതര മൂവ്‌മെന്റുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം ജാര്‍ഖണ്ഡില്‍ 1932-ല്‍ അധിഷ്ഠിത താമസ നയം ഉറപ്പാക്കുകയാണ്.


Also Read; 'ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ 2.87 ലക്ഷം പേർക്ക് തൊഴിൽ'; വാഗ്‌ദാനവുമായി ചംപയ് സോറന്‍


ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക്തന്ത്ര ബചാവോ അഭിയാന്‍ എന്ന മനുഷ്യാവകാശ സംഘടനയ്ക്കും പ്രധാന്യം ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. 'അബുവ ജാര്‍ഖണ്ഡ്, അബുവ രാജ്' (ഞങ്ങളുടെ ജാര്‍ഖണ്ഡ്, ഞങ്ങളുടെ ഭരണം) എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായി നില്‍ക്കുന്ന സംഘടന തങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന മതേതര, ഭരണഘടന മൂല്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ പ്രബല പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



81 നിയമസഭാ മണ്ഡലങ്ങളുള്ള ജാര്‍ഖണ്ഡില്‍ 70 സീറ്റുകളിലും കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെഎംഎം) മത്സരിക്കാനാണ് ധാരണ. ബാക്കി സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് വീതിച്ച് നല്‍കും.ജാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോര്‍ച്ച (ജെഎല്‍കെഎം) തലവന്‍ ജയറാം മഹാതോ ദുമ്രി സീറ്റ് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ മത്സരിച്ചേക്കും. ആകെ 71 സീറ്റുകളിലാണ് ജെഎല്‍കെഎം മത്സരിക്കുക.ബിജെപിയും എജെഎസ്‌യുവും ഒന്നിച്ചാണ് ഇത്തവണ മത്സരിക്കുന്നത്.


ലോക്‌സഭയിലേക്ക് ആകെ 47 ട്രൈബല്‍ സംവരണ സീറ്റുകള്‍ ഉള്ളതില്‍ 5 എണ്ണം ജാര്‍ഖണ്ഡില്‍ ആണെന്നത് സംസ്ഥാനത്തെ ആദിവാസി രാഷ്ട്രീയത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്ന കണക്കാണ്. നവംബര്‍ 13നും 20 നുമായി രണ്ട് ഫേസില്‍ ജാര്‍ഖണ്ഡില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോത്ര അവകാശങ്ങളും, അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും ഉറപ്പിക്കുന്ന തെരഞ്ഞെടുപ്പ് ആകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. പരമ്പരാഗതമായി ഗോത്രവര്‍ഗ-വര്‍ഗേതര രാഷ്ട്രീയവും അതിന്റെ പ്രതിനിധികളും ആധിപത്യം പുലര്‍ത്തുന്ന സംസ്ഥാനം ഇപ്പോള്‍ സ്വത്വരാഷ്ട്രീയത്തിന്റെ ഒരു പുത്തന്‍ തരംഗം സൃഷ്ടിക്കുമോ എന്നും കണ്ടറിയണം.

Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?