
ശതകോടീശ്വരൻ ഇലോൺ മസ്ക് തീവ്രവലതുപക്ഷത്തിന് നൽകിയ സാമ്പത്തിക പിന്തുണയുടെ വിവരങ്ങൾ പുറത്ത്. അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നതിന് മുൻപു തന്നെ തീവ്രവലതു പക്ഷത്തിന് നൽകിയ ഫണ്ട് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നത്. റിപ്പബ്ലിക്കൻ അനുകൂല ഗ്രൂപ്പുകൾക്കും മസ്ക് ധനസഹായം നൽകിയതായും തെളിവുകളുണ്ട്.
ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിൻ്റെ റിപബ്ലിക്കൻ പാർട്ടിക്ക് സമീപ വർഷങ്ങളിലായി ധനസഹായം നൽകിയിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെ പരസ്യമായി പിന്തുണച്ച മസ്ക്, സ്ഥാനാർഥികൾക്ക് താൻ ധനസഹായം നൽകുന്നില്ലെന്ന് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ വാദമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്. മസ്‌ക് മറ്റ് റിപ്പബ്ലിക്കൻ അനുകൂല ഗ്രൂപ്പുകൾക്കും ധനസഹായം നൽകിയതായും തെളിവുകളുണ്ട്.
'ബിൽഡിംഗ് അമേരിക്കാസ് ഫ്യൂച്ചർ' എന്ന സ്ഥാപനത്തിലേക്ക് 2022 മുതൽ മസ്ക് ഫണ്ട് നൽകി വരികയാണ്. കോടിക്കണക്കിനു രൂപയോളം സംഭാവനയായി നൽകിയിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഗവൺമെൻ്റ് ഡാറ്റ അനുസരിച്ച്, ഒരു വർഷത്തെ ഇടവേളയിൽ ബിൽഡിംഗ് അമേരിക്കാസിൻ്റെ വരുമാനം ഒരു കോടിയിൽ നിന്ന് അഞ്ചുകോടിയായി ഉയർന്നിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ രണ്ട് വർഷമായി ബൈഡൻ ഭരണക്കൂടത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് 'ബിൽഡിംഗ് അമേരിക്കാസ് ഫ്യൂച്ചർ' കമ്പനി രംഗത്തുണ്ട്. നവംബറിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇലോൺ മസ്കിന് വൈറ്റ് ഹൗസിൽ കാബിനറ്റ് പദവി നൽകുമെന്ന ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനവും ഇതോടെ ചർച്ചയാവുകയാണ്.