നേരത്തെ ബിസിസിഐ വിലക്കേർപ്പെടുത്തിയ സെലിബ്രേഷൻ ലഖ്‌നൗ സ്പിന്നർ തുടരുകയായിരുന്നു.
ലഖ്‌നൗ സൂപ്പർ ജയൻ്റ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിൽ വിവാദ സെലിബ്രേഷനുമായി പുലിവാല് പിടിച്ചിരിക്കുകയാണ് ലഖ്‌നൗ സ്പിന്നർ ദിഗ്വേഷ് റാത്തി. തിങ്കളാഴ്ചത്തെ മത്സരത്തിനിടെ ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയുമായി ഫീൽഡിൽ നടത്തിയ വാക്‌പോരും കാണികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. നേരത്തെ ബിസിസിഐ വിലക്കേർപ്പെടുത്തിയ സെലിബ്രേഷൻ ലഖ്‌നൗ സ്പിന്നർ തുടരുകയായിരുന്നു.
ഓപ്പണറായെത്തി 20 പന്തിൽ 59 റൺസെടുത്ത അഭിഷേക് മത്സരത്തിലെ താരമായി മാറിയിരുന്നു. 295 സ്ട്രൈക്ക് റേറ്റിൽ ആറ് സിക്സറും നാല് ഫോറും പറത്തിയാണ് ഹൈദരാബാദിന് അഭിഷേകിന് മിന്നൽപ്പിണർ തുടക്കം സമ്മാനിച്ചത്. പവർ പ്ലേയിൽ കത്തിക്കയറിയ അഭിഷേക് ശർമയുടെ മുന്നിൽ പതിവ് "എഴുതിത്തള്ളൽ സെലിബ്രേഷൻ" നടത്തിയ റാത്തിയുടെ കൈപൊള്ളുന്നതാണ് പിന്നീട് ഗ്രൌണ്ടിൽ കണ്ടത്. അരിശം മൂത്ത അഭിഷേക് പുറത്തായതിന് പിന്നാലെ ബൌളറുമായി വാക്കേറ്റത്തിലേർപ്പെട്ടു. സഹതാരങ്ങളും അംപയർമാരും ഇടപെട്ട് പ്രശ്നം ലഘൂകരിക്കുകയായിരുന്നു.
എന്നാൽ മത്സര ശേഷം ഇരു താരങ്ങളും കൈ കൊടുത്ത് പിരിയുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മത്സര ശേഷം സമ്മാനദാനചടങ്ങിൽ വെച്ച് തർക്കം പരിഹരിച്ചെന്ന് അഭിഷേക് ശർമ തന്നെ വ്യക്തമാക്കി. "മത്സര ശേഷം ദിഗ്വേഷ് റാത്തിയുമായി ഞാൻ സംസാരിച്ചിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞു തീർത്തിട്ടുണ്ട്," അഭിഷേക് ശർമ പറഞ്ഞു.
മൂന്നാമതും ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ വൺ ലംഘനം നടത്തിയതോടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ബൗളർ ദിഗ്വേഷ് റാത്തിക്ക് ഒരു മത്സരത്തിൽ വിലക്ക് ലഭിച്ചു. കൂടാതെ മാച്ച് ഫീയുടെ 50 ശതമാനം പിഴയും അടക്കേണ്ടി വരും. ഈ സീസണിൽ റാത്തിക്ക് അഞ്ച് ഡീമെറിറ്റ് പോയിന്റുകൾ ലഭിച്ചിട്ടുണ്ട്. ഇത് കാരണമാണ് ഒരു മത്സരത്തിൽ നിന്ന് ഒരു ഓട്ടോമാറ്റിക് സസ്പെൻഷന് ലഭിച്ചത്. മെയ് 22ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ അഹമ്മദാബാദിൽ നടക്കുന്ന അടുത്ത മത്സരം അദ്ദേഹത്തിന് നഷ്ടമാകും. പിന്നീട് ഒരു മത്സരം കൂടി മാത്രമെ റാത്തിക്ക് കളിക്കാനാകൂ.