
ഐപിഎൽ ചരിത്രത്തിലാദ്യമായി സീസണിനിടയിൽ കളിക്കാരുടെ പകരക്കാരെ കണ്ടെത്താൻ താൽക്കാലിക റീപ്ലേസ്‌മെൻ്റ് സംവിധാനവുമായി ഐപിഎൽ ഗവേണിങ് ബോഡി. ഈ സംവിധാനം അടുത്ത വർഷം നിലവിൽ ഉണ്ടാകില്ലെന്നും ഇക്കൊല്ലം മാത്രമെ ടീമുകൾക്ക് പ്രയോജനപ്പെടുത്താനാകൂവെന്നും ബിസിസിഐ അറിയിച്ചു.
ബുധനാഴ്ച ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ബിസിസിഐ റീപ്ലേസ്മെൻ്റ് പ്ലേയർ പ്രൊവിഷൻ (RPP) അവതരിപ്പിച്ചത്. ദേശീയ ടീമുകൾക്ക് വേണ്ടി കളിക്കാൻ വിദേശതാരങ്ങൾ പോയ സാഹചര്യത്തിലും, പരിക്ക്, അസുഖം എന്നീ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് പകരം മറ്റു കളിക്കാരെ ടീമിലെത്തിക്കാൻ സാധിക്കുകയെന്ന് ഐപിഎൽ സിഒഒ ഹേമങ് ഇ-മെയിലിലൂടെ അറിയിച്ചു.
ഈ വർഷം താൽക്കാലിക റീപ്ലേസ്മെൻ്റായി ടീമിലെത്തിച്ചാലും അടുത്ത വർഷം അതേ ടീമിൽ കളിക്കാർക്ക് തുടർന്നും കളിക്കാൻ കഴിയില്ല. 2026ലെ ഐപിഎൽ കളിക്കാരുടെ ലേലത്തിൽ രജിസ്റ്റർ ചെയ്യണ്ടി വരുമെന്നും സംഘാടകർ പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ മാത്രമാണ് ഇത്തരത്തിലൊരു ഇളവ് ടൂർണമെൻ്റിന് ഏർപ്പെടുത്തിയതെന്നും, വരും വർഷങ്ങളിൽ ഈ ഇളവ് തുടരില്ലെന്നും ഐപിഎൽ സംഘാടകർ വ്യക്തമാക്കി.
ശേഷിക്കുന്നത് വാശിയേറിയ 16 പോരാട്ടങ്ങൾ
16 മത്സരങ്ങളാണ് ഇനി പൂർത്തിയാക്കേണ്ടത്. 12 ലീഗ് മത്സരങ്ങളും മൂന്ന് പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും. പതിവ് പോലെ എല്ലാ വേദികളിലും മത്സരം നടത്തേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ലീഗ് ഘട്ട മത്സരങ്ങൾക്കുള്ള വേദിയാകും. പ്ലേ ഓഫ് മത്സരങ്ങൾ നേരത്തെ തീരുമാനിച്ചത് പോലെ ഹൈദരാബാദിലും കൊൽക്കത്തയിലും നടത്തിയേക്കും. ഫൈനൽ മത്സരത്തിൻ്റെ വേദി കൊൽക്കത്ത ആയിരുന്നെങ്കിലും മഴ ഭീഷണിയുള്ളതിനാൽ അഹമ്മദാബാദിലേക്ക് മാറ്റുന്നതും ബിസിസിഐ പരിഗണനയിലാണ്.
പഞ്ചാബ്, ഡൽഹി മത്സരത്തിൻ്റെ പോയിൻ്റ് സംബന്ധിച്ച തീരുമാനം ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആർസിബി,ലഖ്നൗ മത്സരത്തോടെ ഐപിഎൽ വീണ്ടും തുടങ്ങാനാണ് തീരുമാനം. വെള്ളിയാഴ്ച മുതൽ മത്സരം തുടങ്ങാനാണ് ധാരണയെങ്കിലും ചൊവ്വാഴ്ച തന്നെ തയ്യാറായിരിക്കാൻ ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങിയ താരങ്ങളെ തിരികെയെത്തിക്കുന്നത് ടീമുകൾക്ക് വെല്ലുവിളിയാകും. ടൂർണമെൻ്റ് ഒരാഴ്ചയെങ്കിലും നീട്ടാനും ആലോചനയുണ്ട്. ഫൈനൽ മത്സരം മെയ് 30 മുതൽ ജൂൺ 1 വരെയുള്ള ദിവസങ്ങളിൽ നടത്തുന്നതും പരിഗണിക്കുന്നുണ്ട്. മത്സരക്രമം സംബന്ധിച്ച അന്തിമ തീരുമാനം ബിസിസിഐ ഉടൻ പ്രഖ്യാപിക്കും.
മത്സരങ്ങളിലേക്ക് പോകുമ്പോൾ ചങ്കിടിപ്പാണ് ടീമുകൾക്കും ആരാധകർക്കും. വിദേശ താരങ്ങളിൽ ആരെയൊക്കെ തിരിച്ചെത്തിക്കാനാകുമെന്ന ആശങ്ക ഐപിഎൽ ടീമുകളിലെല്ലാമുണ്ട്. ആദ്യ കിരീടം സ്വപ്നം കാണുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്‌സും സീസണിലുടനീളം മിന്നുംപ്രകടനം നടത്തിയാണ് പ്ലേ ഓഫ് പ്രതീക്ഷയോടെ ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസിന് തിരിച്ചുവരവിൻ്റെ ഐപിഎല്ലാണിത്. ആദ്യ കിരീടസ്വപ്നവുമായി ഡൽഹിയും ലഖ്നൗവും. ഒപ്പം നിലവിലെ ചാംപ്യന്മാരും. ഇനിയുള്ള ഓരോ മത്സരവും ഓരോ പോയിൻ്റും എണ്ണപ്പെടും. പുറത്തായ ചെന്നൈയും രാജസ്ഥാനും ഹൈദരാബാദും ആരുടെയൊക്കെ സ്വപ്നം തകർക്കുമെന്നും കാത്തിരിക്കാം.