യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, റിയാൻ പരാഗ് എന്നിങ്ങനെ അപകടകാരികളായ ബാറ്റർമാരെ പുറത്താക്കി ഹർപ്രീത് ബ്രാറാണ് അടിച്ചു കയറിയ രാജസ്ഥാനെ 209ൽ ഒതുക്കിയത്
ഐപിഎല്ലില്‍ പരാജയം തുടർന്ന് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിംഗ്സ് ഉയർത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്‍ 10 റണ്‍സ് അകലെവെച്ച് പരാജയം സമ്മതിച്ചു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനെ രാജസ്ഥാന് സാധിച്ചുള്ളൂ. പഞ്ചാബിനായി ഹർപ്രീത് ബ്രാർ മൂന്നും, മാർക്കോ യാൻസൺ രണ്ട് വിക്കറ്റും നേടി.
ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട്, മൂന്ന്, നാല് ഓവറുകളിൽ പഞ്ചാബിന്റെ ഓരോ വിക്കറ്റ് വീതം വീണു. എന്നാൽ നെഹാല്‍ വധേരയുടെയും ശശാങ്ക് സിങ്ങിന്റെയും വെടിക്കെട്ട് പ്രകടനത്തിലൂടെ രാജസ്ഥാന് മുന്നിൽ പഞ്ചാബ് റൺമല തീർത്തു. 37 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സും അടിച്ച് 70 റൺസാണ് വധേര നേടിയത്. 30 പന്തിൽ 59 റൺസെടുത്ത് ശശാങ്കും ആക്രമിച്ചു കളിച്ചപ്പോൾ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് പഞ്ചാബ് പടുത്തുയർത്തിയത്.
Also Read: IPL 2025 | പ്ലേ ഓഫിനൊരുങ്ങുന്ന ആർസിബിക്ക് ഒരു സന്തോഷ വാർത്ത!
രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡെ രണ്ടും ക്വാന മഫാക, റിയാന്‍ പരാഗ്, ആകാശ് മധ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തകർപ്പൻ തുടക്കമാണ് , യശസ്വി ജയ്‌സ്വാള്‍ (25 പന്തില്‍ 50) - വൈഭവ് സൂര്യവന്‍ഷി (15 പന്തില്‍ 40) സഖ്യം നൽകിയത്. 2.5 ഓവറില്‍ 50 റണ്‍സ് അടിച്ചെടുത്ത വൈഭവ്-ജയ്‌സ്വാള്‍ കൂട്ടുക്കെട്ട് ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും വേഗതയിൽ 50 റണ്‍സ് നേടുന്ന ടീമെന്ന റെക്കോഡ് രാജസ്ഥാന്റെ പേരിനൊപ്പം എഴുതിച്ചേർത്തു. ഫിറ്റ്‌നസ് ടെസ്റ്റ് പാസായി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസണ് 16 പന്തിൽ 20 റൺസ് നേടാനെ സാധിച്ചുള്ളൂ. 31 പന്തിൽ 53 റൺസ് നേടി ധ്രുവ് ജൂറലും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാൻ രാജസ്ഥാന് സാധിച്ചില്ല. റിയാന്‍ പരാഗ് (13), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി.
യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, റിയാൻ പരാഗ് എന്നിങ്ങനെ അപകടകാരികളായ ബാറ്റർമാരെ പുറത്താക്കി ഹർപ്രീത് ബ്രാറാണ് അടിച്ചു കയറിയ രാജസ്ഥാനെ 209ൽ ഒതുക്കിയത്. മാർക്കോ യാൻസൺ, അസ്മത്തുള്ള ഒമര്‍സായി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
Also Read: IPL 2025 | ഐപിഎല്ലിന് പുത്തനൂർജം, ആശ്വാസമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻ്റെ ഇടപെടൽ
വിജയത്തോടെ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി. ഇന്ന് നടക്കുന്ന ഗുജറാത്ത് ടൈറ്റൻസ്- ഡൽഹി മത്സരത്തിൽ ഗുജറാത്ത് ജയിച്ചാൽ ആർസിബി, പഞ്ചാബ്, ഗുജറാത്ത് ടീമുകൾ പ്ലേഓഫിൽ പ്രവേശിക്കും.