നിലവിൽ ഒരു ആഴ്ചത്തേക്ക് മാത്രമാണ് 2025 ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചതെന്നും ബിസിസിഐ വാർത്താക്കുറിപ്പിറക്കി.
2025 ഐപിഎൽ സീസൺ പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് ബിസിസിഐ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ആശ്വാസമേകുന്ന വാർത്തയാണിത്. ടൂർണമെൻ്റിലെ ശേഷിക്കുന്ന മത്സരങ്ങൾ താൽക്കാലികമായി ഒരാഴ്ചത്തേക്ക് നിർത്തിവെക്കുക മാത്രമെ ഇപ്പോൾ ചെയ്തിട്ടുള്ളൂവെന്നും ബിസിസിഐ സ്ഥിരീകരിച്ചു. നിലവിൽ ഒരു ആഴ്ചത്തേക്ക് മാത്രമാണ് 2025 ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചതെന്നും അവർ വാർത്താക്കുറിപ്പിറക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ബിസിസിഐ നേതൃത്വം ഉന്നതതല യോഗത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തത്. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് വേദികളുടെ മാറ്റം ഉൾപ്പെടെയുള്ള വിവിധ ഓപ്ഷനുകളും ആലോചിച്ചിരുന്നു.
"ബന്ധപ്പെട്ട അധികാരികളുമായും പങ്കാളികളുമായും കൂടിയാലോചിച്ച് സ്ഥിതിഗതികൾ സമഗ്രമായി വിലയിരുത്തിയ ശേഷം ടൂർണമെന്റിന്റെ പുതിയ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതൽ അപ്‌ഡേറ്റുകൾ യഥാസമയം പ്രഖ്യാപിക്കും," ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
"മിക്ക ഫ്രാഞ്ചൈസികളുടെയും കളിക്കാരുടെയും ആശങ്കയും വികാരങ്ങളും പ്രക്ഷേപകരുടെയും സ്പോൺസർമാരുടെയും ആരാധകരുടെയും അഭിപ്രായങ്ങളും അറിയിച്ചതിനെ തുടർന്ന്, എല്ലാ പ്രധാന പങ്കാളികളുമായും കൂടിയാലോചിച്ച ശേഷമാണ് ഐപിഎൽ ഗവേണിംഗ് കൗൺസിൽ ഈ തീരുമാനം എടുത്തത്. നമ്മുടെ സായുധ സേനയുടെ ശക്തിയിലും തയ്യാറെടുപ്പിലും ബിസിസിഐ പൂർണ വിശ്വാസം അർപ്പിച്ചിട്ടുണ്ടെങ്കിലും, എല്ലാ പങ്കാളികളുടെയും കൂട്ടായ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നത് വിവേകപൂർണമാണെന്ന് ബോർഡ് കരുതുന്നു," ബിസിസിഐ കൂട്ടിച്ചേർത്തു.