ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരായ ഹൂതികളുടെ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച പറഞ്ഞിരുന്നു.
യെമന് നേരെ ഇസ്രയേലിന്റെ മിസൈലാക്രമണം. ഹൊദൈദ തുറമുഖത്തിന് നേരെ ഇസ്രയേലിൻ്റെ യുദ്ധവിമാനങ്ങൾ മിസൈലാക്രമണം നടത്തിയത്. ടെൽ അവീവിലെ വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേലിന്റെ ആക്രമണം. ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരായ ഹൂതികളുടെ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച പറഞ്ഞിരുന്നു.
പലസ്തീനിന് ഐക്യദാർഢ്യവുമായാണ് ഹൂതികൾ ഇസ്രയേലിന് നേരെ തുടരെ ആക്രമണം നടത്തുന്നത്. എന്നാൽ മിസൈൽ ഡിഫൻസ് സിസ്റ്റം ഉപയോഗിച്ച് എതിരാളികളുടെ ആക്രമണങ്ങളുടെ മുനയൊടിക്കാറാണ് ഇസ്രയേലിൻ്റെ രീതി. എന്നാൽ ബെൻ ഗുറിയോൺ വിമാനത്താവള ആക്രമിക്കപ്പെട്ട സാഹചര്യം ഇസ്രയേലിനെ ഞെട്ടിച്ചിരുന്നു. മാർച്ചിന് ശേഷം ഇസ്രയേലിൻ്റെ പ്രതിരോധക്കോട്ട തകർത്ത് രാജ്യത്ത് പതിക്കുന്ന ആദ്യത്തെ മിസൈലായിരുന്നു ഇത്.
ALSO READ: ഇസ്രയേൽ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ
ഇത് റോഡിനും വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തുകയും വ്യോമഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നു. ആക്രമിച്ചത് ആരായാലും അവരെ ഏഴിരട്ടി തീവ്രതയോടെ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സ് പ്രതികരിച്ചിരുന്നു. മിസൈൽ അടുത്തെത്തിയപ്പോൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി സൈറണുകൾ മുഴങ്ങിയെന്നും, എന്നാൽ അത് തടയുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇസ്രയേൽ വ്യോമസേനയും പ്രതികരിച്ചു. പിന്നാലെ ഇസ്രയേൽ വിമാനത്താവളത്തിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തിരുന്നു.
18 മാസത്തിലേറെയായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 52,495 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ മാർച്ച് 2 മുതൽ ഇസ്രയേൽ നടത്തിയ സമ്പൂർണ ഉപരോധം കാരണം പട്ടിണി കിടന്ന് മരിച്ച 57 പേർ കൂടി ഉൾപ്പെടുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.