
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ മരണം 330 കടന്നു. 250ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഗാസയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം, ഗാസയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. റമദാന്‍ നാളില്‍ നടത്തിയ നരനായാട്ടില്‍ അമ്പതിലധികം കുട്ടികള്‍ക്കും, മുപ്പതോളം സ്ത്രീകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. യുഎസുമായി കൂടിയാലോചിച്ച ശേഷമാണ് വെടിനിര്‍ത്തല്‍ കരാറും സമാധാന ചര്‍ച്ചകളും ലംഘിച്ച് ഇസ്രയേല്‍ നരനായാട്ട് നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
വെടിനിര്‍ത്തലിനു പിന്നാലെ ഹമാസുമായി നടന്ന സമാധാന ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞതിനു പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രണം കടുപ്പിച്ചത്. വടക്കന്‍ ഗാസ, ഗാസ സിറ്റി, ഡെയ്ര്‍ അല്‍ ബലാ, ഖാന്‍ യൂനിസ്, റാഫാ ഉള്‍പ്പെടെ മധ്യ, ദക്ഷിണ ഗാസ മുനമ്പിലായി നിരവധി ആക്രമണങ്ങള്‍ നടന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും അറിയിച്ചു. ഹമാസ് ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയും പ്രതികരിച്ചു. രാഷ്ട്രീയ തീരുമാനത്തിന് അനുസൃതമായി, ഗാസ മുനമ്പിലെ ഹമാസ് ഭീകര സംഘടനയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഐഡിഎഫും ഐഎസ്എയും കടുത്ത ആക്രമണങ്ങള്‍ തുടരുകയാണെന്നാണ് ഇസ്രയേല്‍ സേന എക്സില്‍ അറിയിച്ചത്.
അതേസമയം, ഗാസയില്‍ ആക്രമണം നടത്തുന്നത് സംബന്ധിച്ച ഇസ്രയേല്‍ ട്രംപ് ഭരണകൂടവുമായി കൂടിയാലോചന നടത്തിയിരുന്നതായി വൈറ്റ് ഹൗസ് വക്താവ് ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു. ഗാസയില്‍ ഇന്ന് രാത്രി നടന്ന ആക്രമണങ്ങളെക്കുറിച്ച് ഇസ്രയേല്‍ വൈറ്റ് ഹൗസുമായും, ട്രംപ് ഭരണകൂടവുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഹമാസ്, ഹൂതികള്‍, ഇറാന്‍ എന്നിവര്‍ ഇസ്രയേലിനെ മാത്രമല്ല, അമേരിക്കയെ കൂടിയാണ് ഭീകരവത്കരിക്കാന്‍ ശ്രമിക്കുന്നത്. അവരതിന് വില നല്‍കേണ്ടിവരും. എല്ലാ നരകങ്ങളെയും ഇല്ലാതാക്കുമെന്നും കരോലിന്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു എന്നാണ് ഹമാസിന്റെ ആരോപണം. കരാർ അട്ടിമറിച്ചതിൻ്റെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിനാണ്. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഹമാസ് പറഞ്ഞു.