
ഹമാസ് കമാൻഡർ അബ്ദുൽ ഹാദി സബാഹിനെ ഡ്രോണാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന. ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിലാണ് അബ്ദുൽ ഹാദി സബാഹ് കൊല്ലപ്പെട്ടതെന്ന് എക്സിലൂടെയാണ് ഐഡിഎഫ് അറിയിച്ചത്. ഒക്ടോബർ ഏഴിനു ഇസ്രയേലിലെ കിബൂട്സ് നിർ ഓസിൽ നടന്ന ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ ആയിരുന്നു ഹമാസ് നഖ്ബ പ്ലാറ്റൂൺ കമാൻഡറായ അബ്ദുൽ ഹാദി സബാഹ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിനു നേതൃത്വം കൊടുത്ത എല്ലാം ഭീകരരെയും വധിക്കുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പു നൽകി.
"പടിഞ്ഞാറൻ ഖാൻ യൂനിസ് ബറ്റാലിയനിലെ നഖ്ബ പ്ലാറ്റൂൺ കമാൻഡറായ അബ്ദുൽ ഹാദി സബാഹിനെ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഐഡിഎഫ്, ഐഎസ്എ സ്‌ട്രൈക്കിൽ ഇല്ലാതാക്കി. ഖാൻ യൂനിസിലെ ഹ്യുമാനിറ്റേറിയൻ ഏരിയയിലെ ഒരു അഭയാർഥി കേന്ദ്രത്തിൽ നിന്ന് പ്രവർത്തിക്കുന്ന അബ്ദുൽ-ഹാദി സബാഹ് ഒക്ടോബർ 7-ലെ കിബൂട്സ് നിർ ഓസിൽ നുഴഞ്ഞുകയറ്റത്തിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളിൽ ഒരാളായിരുന്നു. നിലവിലെ യുദ്ധത്തിലുടനീളം ഐഡിഎഫ് സൈനികർക്കെതിരായ നിരവധി ഭീകരാക്രമണങ്ങൾക്ക് സബാഹ് നേതൃത്വം നൽകുകയു ചെയ്തു. ഒക്‌ടോബർ ഏഴ് നടന്ന കൂട്ടക്കൊലയിൽ പങ്കെടുത്ത എല്ലാ ഭീകരർക്കെതിരെയും ഐഡിഎഫും ഐഎസ്എയും പ്രവർത്തനം തുടരും", ഐഡിഎഫ് എക്സിൽ കുറിച്ചു.
ചൊവ്വാഴ്ച, പലസ്തീൻ സായുധ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദിന്റെ കമാൻഡറെ വധിച്ചതായും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. വടക്കൻ ഗാസയിലെ ഇസ്ലാമിക് ജിഹാദ് മിസൈൽ യൂണിറ്റിൻ്റെ കമാൻഡറായ അനസ് മുഹമ്മദ് സാദി മസ്‌രിയാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് ജിഹാദിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഡ്രോണാക്രമണത്തിലൂടെ വധിച്ചതായി ഈ മാസം ആദ്യം ഇസ്രയേൽ സൈന്യം പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഇത് ആരാണ് എന്ന വിവരം പുറത്തുവിട്ടിരുന്നില്ല.
ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണങ്ങൾ നടത്തുന്ന യെമനിലെ ഹൂതി വിമതർക്കും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. റോക്കറ്റ് ആക്രമണങ്ങൾ തുടർന്നാൽ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും അതേ ദുർവിധിയുണ്ടാകുമെന്നായിരുന്നു ഭീഷണി. ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ അംബാസിഡർ ഡാനി ഡാനൻ ആണ് ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ ഇസ്രയേൽ സൈന്യം തിരിച്ചടിക്കുമെന്ന് അറിയിച്ചത്.