പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വനം വകുപ്പിന് രൂക്ഷ വിമർശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പിൻ്റെ പുതിയ നീക്കം
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിലെ സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ട് വനം വകുപ്പ് ഹൈക്കോടതിയിലേക്ക്. ഹൈക്കോടതിയെ ഉടൻ സമീപിക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം. പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വനം വകുപ്പിന് രൂക്ഷ വിമർശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പിൻ്റെ പുതിയ നീക്കം. വേടനെ പിടികൂടിയ കോടനാട് ഡിഎഫ്ഒ ആണ് മോഹൻലാലിൻ്റെ ആനക്കൊമ്പ് കേസും അന്വേഷിക്കുന്നത്. 2023 സെപ്തംമ്പർ 18നാണ് മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.
പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് വീണ്ടും ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം പൊലീസ്- വനം വകുപ്പുകളുടെ നടപടിയെ വിമർശിച്ച് വേടൻ രംഗത്തെത്തിയിരുന്നു. സമൂഹത്തിൽ ഇരട്ടനീതി നിലനിൽക്കുന്നു എന്നതിൽ തർക്കമില്ല. നമ്മുടേത് വിവേചനമുള്ള സമൂഹമാണ്. എല്ലാവരും ഇവിടെ ഒരുപോലെ അല്ലെന്നും തൻ്റെ അറസ്റ്റ് കൊണ്ട് ഇക്കാര്യം ബോധ്യപ്പെട്ടെന്നും വേടൻ പ്രതികരിച്ചു. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചു എന്നായിരുന്നു വേടന്റെ മറുപടി.
ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പുക ശ്വസിച്ച് മരണം? അടിയന്തര മെഡിക്കൽ യോഗം രാവിലെ
പുലിപ്പല്ല് കേസിൽ ബുധനാഴ്ചാണ് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്. തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം, പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്നായിരുന്നു പെരുമ്പാവൂർ കോടതിയുടെ കണ്ടെത്തൽ. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാർഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയുടെ ജാമ്യ ഉത്തരവിൽ പറയുന്നു. എന്നാൽ, കേസിൽ കൂടുതൽ പിടിമുറുക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. വേടനെതിരെ കൂടുതൽ തെളിവ് ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകിയിരുന്നു.