
കേരളം സൂക്ഷിച്ചു പോരുന്ന മതമൈത്രിക്ക് ഉദാഹരണമാണ് 1700കളിൽ കോഴിക്കോട് കുറ്റിചിറയിൽ നിർമ്മിച്ച ജിഫ്രി ഹൗസ്. ഇസ്ലാം മത പ്രബോധനത്തിൻ്റെ ഭാഗമായി യമനിൽ നിന്ന് കേരളത്തിലെത്തിയ സയ്യിദ് കുടുംബമായ സയ്യിദ് ജിഫ്രി തങ്ങൾളെ, സാമൂതിരി രാജാവാണ് സ്ഥലവും വീടും നൽകി സ്വീകരിച്ചത്. പതിറ്റാണ്ടുകൾ പിന്നിടുന്ന ജിഫ്രി ഹൗസിൻ്റെ വിശേഷങ്ങളിലേക്ക്.
കോഴിക്കോട് കുറ്റിച്ചിറയിലെ ജിഫ്രി ഹൗസ് ഇസ്ലാം മതവിശ്വാസികൾക്കപ്പുറം കോഴിക്കോട്ടുകാർക്ക് തന്നെ ആദരവുള്ള മാളിയേക്കൽ തറവാടാണ്. മത ഭേദമെന്യേ തങ്ങളുടെ ആവലാതികൾ പറയാൻ ഒരു കാലത്ത് അവർ ഓടിച്ചെന്നയിടം. 1700കളിൽ യമനിൽ നിന്ന് കൊയിലാണ്ടി പന്തലായനിയിലെത്തിയ സയ്യിദ് വംശത്തിൽപ്പെട്ട സയ്യിദ് ജിഫ്രി തങ്ങളുടെ തറവാടാണ് മാളിയേക്കൽ തറവാടെന്ന് നാട്ടുകാർ വിളിക്കുന്ന ജിഫ്രി ഹൗസ്. സാമൂതിരി രാജാവ് വാസസ്ഥലവും വീടും നിർമ്മിച്ചു നൽകി അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു. ഇസ്ലാം മതപ്രബോധനത്തിന് എത്തിയ സയ്യിദ് ജിഫ്രി തങ്ങൾ പക്ഷേ കോഴിക്കോടിൻ്റെ സാംസ്കാരിക ധാരകളെയും തങ്ങളിലേക്ക് ചേർത്തു വച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരുനിലകളിലുള്ള ജിഫ്രി ഹൗസ് പൂർണ്ണമായും മരം കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. കേരളീയ ഇസ്ലാമിക്ക് വാസ്തു ശില്പ കലയുടെ സമ്മിശ്ര കാഴ്ച്ചയാണ് ജിഫ്രി ഹൗസ്. മഹാന്മാരായ മതപ്രചാരകരുടെ ഖബറിടങ്ങളും ഇവിടെ കാത്തുസൂക്ഷിക്കുന്നു. ജിഫ്രി ഹൗസിലെ മുറികൾക്കുള്ളിൽ നൂറ്റാണ്ടുകളുടെ അടയാളങ്ങൾ നമ്മോട് ചരിത്രം പറയും. സയ്യിദ് ജിഫ്രി തങ്ങളുടെ കാലത്ത് ടിപ്പു സുൽത്താൻ ഉൾപ്പടെ പേരുകേട്ട രാജാക്കന്മാർ ഈ തറവാട്ടുമുറ്റത്ത് എത്തിയിരുന്നു. അദ്ദേഹം വിശ്രമിച്ചെന്ന് കരുതുന്ന ഒരു മര ബഞ്ച് ഇവിടെ ആദരവോടെ സൂക്ഷിച്ചിട്ടുണ്ട്. സയ്യിദ് ജിഫ്രി തങ്ങളുടെ ഖുർആൻ കൈയ്യെഴുത്തു രേഖകയും ഇവിടെയുണ്ട്.
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജിഫ്രി ഹൗസ് എന്ന മാളിയേക്കൽ തറവാടിന് മാറ്റങ്ങൾ ഒന്നുമില്ല. പഴമയിലും പുതുമ കാത്തുകൊണ്ട് അത് ഇപ്പോഴും നിലയുറപ്പിക്കുന്നു. ഇപ്പോൾ സയ്യിദ് ജിഫ്രി തങ്ങളുടെ അഞ്ചാം തലമുറ കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. വ്യാപാര ബന്ധങ്ങൾക്കപ്പുറം സാംസ്കാരിക വിനിമയവും സാമൂഹിക സൗഹാർദ്ദവും ഊട്ടിയുറപ്പിച്ച, ഇസ്ലാമിക ജീവിതം പഠിപ്പിച്ച ഒരു തലമുറയുടെ അടയാളം പോലെ ജിഫ്രി ഹൗസ് എന്ന മാളിയേക്കൽ തറവാട് ഇന്നും നിലകൊള്ളുന്നു.