കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെൻധാർ, നൗഷേര, സുന്ദർബനി, അഖ്നൂർ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്
നിയന്ത്രണ രേഖയ്ക്ക് സമീപം പ്രകോപനം തുടർന്ന് പാകിസ്ഥാൻ. തുടർച്ചയായ പന്ത്രണ്ടാം ദിവസവും ജമ്മു കശ്മീരിലെ എട്ട് മേഖലകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. അതിർത്തി നിയന്ത്രണരേഖയിൽ എട്ട് മേഖലകളിലാണ് രാത്രിയോടെ കരാർ ലംഘനമുണ്ടായത്. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെൻധാർ, നൗഷേര, സുന്ദർബനി, അഖ്നൂർ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
നാളെ നടക്കാനുള്ള മോക്ക് ഡ്രില്ലിനെ സംബന്ധിച്ചുള്ള സെക്രട്ടറി തല ചർച്ചകളും ഇന്ന് നടന്നു. ഇന്ന് 10.45ന് ആരംഭിച്ച യോഗത്തിൽ ചീഫ് സെക്രട്ടറിമാരും സിവിൽ ഡിഫൻസ് തലവൻമാരുമാണ് പങ്കെടുത്തത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മോക്ക് ഡ്രിൽ നടത്താനാണ് ഇന്നലെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശം.
അതേസമയം ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയാണിത്. 24 മണിക്കൂറിനുള്ളിൽ രണ്ടാം തവണയാണ് ഡോവൽ - മോദി കൂടിക്കാഴ്ച നടക്കുന്നത്.
ALSO READ: VIDEO | യെമന് നേരെ തിരിച്ചടിച്ച് ഇസ്രയേൽ; ഹൊദൈദ തുറമുഖത്തിന് നേരെ മിസൈലാക്രമണം
രാജ്യത്തെ 244 സിവിൽ ഡിഫൻസ് ജില്ലകളിലാണ് നാളെ മോക്ക് ഡ്രിൽ നടക്കുക. ഗ്രാമീണ തലത്തിലാണ് ഡ്രിൽ നടക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. സിവിലിയൻസിനും വിദ്യാർഥികൾക്കും ഉൾപ്പടെ പരിശീലനം നൽകണമെന്നും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന ക്ഷമത പരിശോധിക്കണമെന്നും നിർദേശങ്ങളിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. നിർദേശങ്ങളുമായി ബന്ധപ്പെട്ടുള്ള പരിശീലനവും ഇന്ന് നടന്നു.