
ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജഞ ചടങ്ങിനിടെ ദേശീയഗാനത്തെ അവഹേളിച്ചെന്ന് പരാതി. നാഷണൽ കോൺഫറൻസ് എംഎൽഎ ഹിലാൽ അക്ബർ ലോണിനെതിരായ പരാതിയിൽ അന്വേഷണം ആരംഭിച്ചു. എൻസി മുഖ്യമന്ത്രിയായ ഒമർ അബ്ദുള്ളയുടെ സത്യപ്രതിജഞ ചടങ്ങിനിടെയാണ് ദേശീയഗാനത്തിനിടെ ഹിലാൽ അക്ബർ ലോൺ എഴുന്നേറ്റില്ലെന്ന പരാതി ഉയർന്നത്.
എന്നാൽ, ദേശീയ ഗാനത്തെ മനഃപൂർവ്വം അവഹേളിച്ചിട്ടില്ല എന്നും, ആരോഗ്യ കാരണങ്ങൾ കൊണ്ട് മാത്രമാണ് ഇരുന്നതെന്നും ഹിലാൽ അക്ബർ ലോൺ പ്രതികരിച്ചു. ഞാൻ ദേശീയ ഗാനം തുടങ്ങിയപ്പോൾ എഴുന്നേറ്റ് നിന്നിരുന്നു. എന്നാൽ, എനിക്കൊരു ആരോഗ്യപ്രശ്നമുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴും ഞാൻ കസേരയിലല്ല ഇരുന്നത്, തറയിലാണ്. എനിക്ക് ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഹിലാൽ അക്ബർ ലോൺ പറഞ്ഞു.
അന്വേഷണം ആരംഭിച്ച പൊലീസ്, സംഭവസ്ഥലത്ത് നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഹിലാൽ അക്ബർ ലോണിനെ കൂടാതെ മറ്റാരെങ്കിലും ദേശീയഗാനത്തിൻ്റെ സമയത്ത് ഇരുന്നിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
ബന്ദിപ്പോറ ജില്ലയിലെ സോൻവാരി മണ്ഡലത്തിൽ നിന്നും എംഎൽഎ ആയ ഹിലാൽ അക്ബർ ലോൺ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചിരുന്നു. മുൻ സ്പീക്കറും, എൻസി നേതാവുമായ അക്ബർ ലോണിൻ്റെ മകനാണ് ഹിലാൽ അക്ബർ ലോൺ.