"രാജ്യത്തിന് വേണ്ടി നിലകൊള്ളണമെന്ന നയത്തിന്‍റെ ഭാ​ഗമായാണ് വിദേശ പര്യടനത്തില്‍ പങ്കെടുക്കുന്നത്; വിയോജിപ്പുകൾ കൃത്യമായി മുന്നോട്ടുവയ്ക്കും"

ദീർഘകാലമായി രാജ്യം നേരിടുന്ന 'തീവ്രവാദം' എന്ന പ്രതിസന്ധിയിൽ ലോകരാഷ്ട്രങ്ങൾ എന്തുകൊണ്ട് ഇന്ത്യക്കൊപ്പം നിലകൊള്ളണം എന്ന് വിദേശരാജ്യങ്ങളിലെ പ്രതിനിധികളുമായി ദൗത്യസംഘം ആശയവിനിമയം നടത്തും
ജോൺ ബ്രിട്ടാസ്
ജോൺ ബ്രിട്ടാസ്
Published on

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് കൊണ്ടുള്ള വിദേശ പര്യടനത്തിന് പ്രതിനിധികളെ തെരഞ്ഞെടുത്തത് സർക്കാരാണെന്ന് ജോൺ ബ്രിട്ടാസ് എംപി. ഒരുപാട് ഘടകങ്ങൾ പരി​ഗണിച്ചുണ്ടാക്കിയ പട്ടികയാണെന്നാണ് മനസിലാക്കുന്നത്. പാർലമെൻറ്കാര്യ മന്ത്രിയാണ് ഇക്കാര്യം വിളിച്ചറിയിച്ചതെന്നും പാർട്ടിയുമായി ആലോചിച്ചാണ് ദൗത്യത്തിന്റെ ഭാഗമായതെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി നിലകൊള്ളണം എന്ന നയസമീപനത്തിന്റെ ഭാ​ഗമായാണ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. വിയോജിപ്പുകൾ കൃത്യമായി മുന്നോട്ട് വയ്ക്കുമെന്നും രാജ്യസഭാ എംപി അറിയിച്ചു.


ഓപ്പറേഷൻ സിന്ദൂർ ഏതെങ്കിലും തരത്തിലുള്ള ധ്രുവീകരണത്തിനോ രാഷ്ട്രീയ നേട്ടത്തിനോ ഉപയോ​ഗിക്കുന്നുണ്ടോ എന്നത് ആശങ്കയാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഇന്ത്യ എന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടത് പരമപ്രധാനമാണ്. അത് മുൻനിർത്തിയാണ് ദൗത്യസംഘം വിദേശത്തേക്ക് പോകുന്നത്. ആഭ്യന്തര രാഷ്ട്രീയത്തിൽ ഉയരുന്ന ചോദ്യങ്ങൾ വിദേശ ദൗത്യത്തിന്റെ ഭാ​ഗമാകില്ലെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

"ആ ഉത്തരവാദിത്തബോധവും വിശാല കാഴ്ചപ്പാടും അവലംബിക്കാനുള്ള ധാരണ ദൗത്യത്തിന്റെ ഭാ​ഗമാകുന്ന ജനപ്രതിനിധികൾക്കുണ്ട്. നമ്മുടെ രാജ്യമാണ് പ്രധാനം," ജോൺ ബ്രിട്ടാസ് പറഞ്ഞു.

ദീർഘകാലമായി രാജ്യം നേരിടുന്ന 'തീവ്രവാദം' എന്ന പ്രതിസന്ധിയിൽ ലോകരാഷ്ട്രങ്ങൾ എന്തുകൊണ്ട് ഇന്ത്യക്കൊപ്പം നിലകൊള്ളണം എന്ന് വിദേശരാജ്യങ്ങളിലെ പ്രതിനിധികളുമായി ദൗത്യസംഘം ആശയവിനിമയം നടത്തും. ഇതേക്കുറിച്ച് വിദേശകാര്യ മന്ത്രാലയം സമ​ഗ്രമായ ഒരു വിശദീകരണം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ അത്തരത്തിലൊന്ന് നൽകിയിട്ടില്ല. പ്രതിനിധി സംഘം പുറപ്പെടും മുൻപ് വ്യക്തമായ ഒരു വിശദീകരണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബ്രിട്ടാസ് അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നാണ് സ‍ർക്കാർ നിലപാട്. എന്നാൽ രാജ്യത്തിനും പ്രതിപക്ഷത്തിനും വ്യക്തത ലഭിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് രാജ്യസഭാ എംപി പറഞ്ഞു. അതിനായി രണ്ട് ആവശ്യങ്ങൾ ഞങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഒന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്നാണ്. പാർലമെന്റിലുള്ള ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിലെടുക്കുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്ത് നല്ലൊരു സന്ദേശം രാജ്യത്തെ ജനങ്ങൾക്ക് നൽകണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. ജനാധിപത്യ രാജ്യമല്ലാത്ത പാകിസ്ഥാനിൽ പോലും ഈ വിഷയത്തെ മുൻനിർത്തി പാർലമെന്റ് സമ്മേളനം നടന്നതായാണ് മനസിലാക്കുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ രാജ്യമായ ഇന്ത്യ എന്തുകൊണ്ട് അത്തരം നടപടി സ്വീകരിക്കുന്നില്ലെന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും എംപി പറഞ്ഞു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന സർവകക്ഷിയോ​ഗമാണ് രണ്ടാമത്തെ ആവശ്യം. ഇതുവരെ രണ്ട് സർവകക്ഷിയോ​ഗങ്ങൾ നടന്നു. ഈ രണ്ട് യോ​ഗങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തില്ല എന്നത് ദൗ‍ർഭാ​ഗ്യകരമായ കാര്യമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിന് മുൻപ് ഒരു സർവകക്ഷിയോ​ഗം കൂടി വിളിച്ചുചേർക്കണം. ഈ രണ്ട് ആവശ്യങ്ങൾ സർക്കാർ ചെവിക്കൊണ്ടില്ലെങ്കിൽ പോലും വിദേശ പര്യടനത്തിൽ നിന്ന് വിട്ടു നിൽക്കുന്ന തരത്തിൽ പ്രതിഷേധാത്മക സമീപനം സ്വീകരിക്കില്ലെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.



ശശി തരൂരിനെ വിദേശത്തേക്കുള്ള പ്രതിനിധികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിലും ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. "ശശി തരൂർ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനാണ്. മാത്രമല്ല ആ​ഗോള പൗരനാണ്. ഇന്റർനാഷണൽ ഡിപ്ലോമാറ്റായി ജോലി ചെയ്ത ആളാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു വിദേശ ദൗത്യത്തിലുണ്ടാകുന്നതിൽ തകരാറുണ്ടോ എന്ന ചോദ്യം എന്റെ മനസിലുണ്ട്. നോമിനികളെ തെരഞ്ഞെടുക്കുന്നതിനു മുൻപ് രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിലെടുക്കണമായിരുന്നു. എന്നാല്‍ ഈ  ഘട്ടത്തിൽ ഒരു വ്യക്തിയുടെ പേരിൽ ചർച്ച നടത്തുന്നതിൽ എനിക്ക് യോജിപ്പില്ല," ജോൺ ബ്രിട്ടാസ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com