പി. ജയരാജൻ്റെ പുസ്തകത്തിലെ പരാമർശവും മുഖ്യമന്ത്രിയുടെ നിലപാടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി
സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ്റെ പുസ്തകത്തിലെ പരാമർശങ്ങളും, അതിനോടുള്ള മുഖ്യമന്ത്രിയുടെ നിലപാടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുസ്ലീം ഭീകരവാദം വളർത്തിയത് അബ്ദുൾ നാസർ മഅദനിയാണെന്ന് പുസ്തകത്തിൽ പറയുന്നുവെങ്കിലും അദ്ദേഹത്തെ സംരക്ഷിച്ചവരാണ് സിപിഎമ്മെന്നും സുരേന്ദ്രൻ പറഞ്ഞു. മഅദനിക്കും പിഡിപിക്കും രാഷ്ട്രീയ കവചം ഒരുക്കിയതും, നിയമസഭയിൽ പ്രമേയം പാസാക്കാൻ മുൻകൈ എടുത്തതും സിപിഎമ്മാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. മഅദനിയുമായി സഖ്യം ചേർന്നതിന് സിപിഎം പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ: മാവോയിസ്‌റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മില്‍ കൂട്ടുകച്ചവടമുണ്ട്: പി. ജയരാജൻ
കേരളത്തിലെ മുസ്ലീം വിഭാഗങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്‌ദുൾ നാസർ മഅദനി പങ്കുവഹിച്ചിരുന്നെന്നും പി. ജയരാജൻ തൻ്റെ പുസ്‌തകത്തിൽ പറഞ്ഞിരുന്നു. മഅദനിയുടെ നേതൃത്വത്തിൽ നടന്ന അതിവൈകാരികമായ പല പ്രഭാഷണ പര്യടനവും തീവ്രവാദ ചിന്ത വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതായും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പാർട്ടിയിൽ നിന്ന് അകന്നതോടെയാണ് പുതിയ പരാമർശങ്ങളുമായി സിപിഎം നേതാക്കൾ രംഗത്തിറങ്ങുന്നതെന്നും, മുഖ്യമന്ത്രി ലീഗിനെ ഇടതുപക്ഷത്ത് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിനെ വിമർശിക്കുന്നത് ഭൂരിപക്ഷ വോട്ടിന് വേണ്ടി മാത്രമാണ്. സ്റ്റുഡൻ്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെൻ്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനത്തെ എതിർത്തവരാണ് സിപിഎമ്മെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് മതനിരപേക്ഷ പാർട്ടിയല്ലെന്ന നിലപാട് സിപിഎമ്മിനുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം, പി.ജയരാജൻ്റെ ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ 30 പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അന്യായമായ സംഘം ചേരല്‍, മാര്‍ഗതടസം ഉണ്ടാക്കല്‍ എന്നീ വകുപ്പുകൾ ചുമത്തി നടക്കാവ് പൊലീസാണ് കേസെടുത്തത്. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദു നാസര്‍ മഅദനി പ്രധാന പങ്കുവഹിച്ചെന്ന പുസ്തകത്തിലെ ആരോപണത്തിനെതിരെ ആയിരുന്നു പിഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തക പ്രകാശനം നിർവഹിച്ച വേദിക്ക് പുറത്താണ് പിഡിപി പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്ന് പി. ജയരാജൻ തൻ്റെ പുസ്തകത്തിൽ പരാമർശിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിഷേധങ്ങൾക്കും സംവാദങ്ങൾക്കുമാണ് പുസ്തകം വഴിതുറന്നത്.