എന്തുകൊണ്ടാണ് ക്രിസ്ത്യൻ സഭയിലേയോ ഹിന്ദു സംഘടനാ നേതാക്കളയൊ ഇവർ കാണുന്നില്ല.
കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കോൺഗ്രസിൽ ചേരുന്ന സാധാരണ പ്രവർത്തകനും പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങേണ്ട അവസ്ഥയാണ് ഉള്ളത്. എന്തുകൊണ്ടാണ് ക്രിസ്ത്യൻ സഭയിലേയോ ഹിന്ദു സംഘടനാ നേതാക്കളെയോ ഇവർ കാണുന്നില്ല. പാണക്കാട് തങ്ങൾ മാത്രമാണോ മതമേലധ്യക്ഷൻ. തങ്ങളൊഴികെയുള്ള ആരും ആധ്യാത്മിക ആചാര്യൻമാരല്ലെ? അവരാരും അനുഗ്രഹം വാങ്ങാൻ കൊള്ളാത്തവരാണോ എന്നും സുരേന്ദ്രൻ ചോദിച്ചു.
പാലക്കാട്ടെ കോൺഗ്രസ് മുൻപ് എല്ലാവരെയും ഉൾക്കൊണ്ട കോൺഗ്രസായിരുന്നു. അതിനെ ഒരു ആലയിൽ കൊണ്ടുപോയി കെട്ടിയത് സതീശനും ഷാഫിയും ചേർന്നാണ്. തങ്ങളും പോപ്പുലർ ഫ്രണ്ടും മാത്രം മതി ജയിക്കാൻ എന്നാണോ പാർട്ടി കരുതുന്നത്. കോൺഗ്രസ് തരംതാഴ്ന്ന നിലയിലെത്തിയെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.
എന്തുകൊണ്ടാണ് കെ. മുരളീധരനെ കണ്ട് അനുഗ്രഹം വാങ്ങാത്തത്. തലയിൽ മുണ്ടിട്ട് സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങുന്ന വ്യക്തിയാണ് വി.ഡി. സതീശൻ. പിഎഫ്ഐ ബന്ധം നിഷേധിക്കാൻ സതീശൻ തയ്യാറായിട്ടില്ല. പിഎഫ്ഐയുടെ രാഷ്ട്രീയ പാർട്ടിയെ ചേർത്തു പിടിച്ചാണ് കോൺഗ്രസ് മുന്നോട്ടു പോവുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി കൗൺസിലർമാരെ കാണാൻ പോയ കെ.സി. വേണുഗോപാൽ നാണംകെട്ട് വെറും കയ്യോടെയാണ് മടങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു.
ഇടത് വലത് മുന്നണികൾ പലക്കാട് ഉയർത്തുന്ന രാഷ്ട്രീയം കേരളം മുഴുവൻ ചർച്ച ചെയ്യണം. യുഡിഎഫും, എൽഡിഎഫും പ്രചരിപ്പിക്കുന്ന വർഗീയ രാഷ്ട്രീയത്തിന് പാലക്കാട്ടുകാർ തിരിച്ചടി നൽകുമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.