'മുഴുവൻ വഖഫ് ഭൂമികളും തിരിച്ചുപിടിക്കണം' ; മുനമ്പം വിഷയത്തിൽ നിലപാട് കടുപ്പിച്ച് കാന്തപുരം വിഭാഗവും

കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലാണ് നിലപാട് വ്യക്തമാക്കിയത്
'മുഴുവൻ വഖഫ് ഭൂമികളും തിരിച്ചുപിടിക്കണം' ; മുനമ്പം വിഷയത്തിൽ നിലപാട് കടുപ്പിച്ച് കാന്തപുരം വിഭാഗവും
Published on

മുനമ്പത്തെ വഖഫ് ഭൂമി തിരിച്ചു പിടിക്കണം എന്ന് ആവശ്യപ്പെട്ട് സമസ്ത ഇ.കെ വിഭാഗത്തിന് പിന്നാലെ കാന്തപുരം വിഭാഗവും രംഗത്തെത്തി. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍ എ.പി സുന്നി വിഭാഗം എഴുത്തുകാരനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഒ.എം. തരുവണ എഴുതിയ ലേഖനത്തിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.

മുനമ്പം വിഷയത്തിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് നഷ്ടപ്പെട്ട വഖഫ് ഭൂമികൾ തിരിച്ചു പിടിക്കണം എന്ന് ആവശ്യം സമസ്ത കാന്തപുരം വിഭാഗം ഉന്നയിക്കുന്നത്. മുനമ്പത്തേത് ഉൾപ്പടെ നഷ്ടപ്പെട്ട മുഴുവൻ വഖഫ് ഭൂമികളും തിരിച്ചുപിടിക്കണമെന്ന് സിറാജിലെ ലേഖനത്തിൽ ആവശ്യപ്പെടുന്നു. ചില രാഷ്ട്രീയ നേതാക്കന്മാർ എന്തിന്‍റെ അടിസ്ഥാനത്തിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയുന്നതെന്ന വിമർശനം സമസ്ത ഇ.കെ വിഭാഗം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാടുമായി കാന്തപുരം വിഭാഗവും രംഗത്തെത്തിയത്.


വഖഫുകള്‍ സമുദായത്തിന്റെ പൊതു സ്വത്താണ്. വഖഫ് ബോര്‍ഡിന്റെ രേഖകളില്‍ വഖഫായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഒരു ഭൂമിയുടെ പേരിലും ബോര്‍ഡ് നോട്ടീസ് അയക്കില്ല. വഖഫ് ഭൂമിയുടെ ആധാരം കൊണ്ട് രജിസ്ട്രാർ ഓഫീസില്‍ ചെന്നാല്‍ ഒരു രജിസ്ട്രാറും വില്‍പ്പനാധാരം ചെയ്തു കൊടുക്കില്ല. ഇങ്ങനെയുള്ളപ്പോൾ മുനമ്പത്തെയും തലപ്പുഴയിലെയും ചാവക്കാട്ടെയും ഇരകള്‍ക്ക് പിന്നെങ്ങനെ വഖഫ് ഭൂമി രജിസ്റ്റര്‍ ചെയ്തു കിട്ടി എന്ന ചോദ്യവും ലേഖനത്തിലൂടെ സമസ്ത കാന്തപുരം വിഭാഗം ഉന്നയിക്കുന്നു. വഖഫ് ഭൂമിയുടെ ഈ അനധികൃത കച്ചവടത്തില്‍ മറ്റു പലര്‍ക്കും പങ്കുണ്ടെന്നും പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഒ. എം. തരുവണ്ണ എഴുതിയ ലേഖനത്തിൽ പറയുന്നു. വഖഫ് സ്വത്ത് വിറ്റ് കാശാക്കിയവരില്‍ നിന്ന് പണം തിരിച്ചുപിടിച്ച് കബളിപ്പിക്കപ്പെട്ട നിരപരാധികളെ പുനരിധിവസിപ്പിക്കണമെന്നും സമസ്ത കാന്തപുരം വിഭാഗം ആവശ്യപ്പെടുന്നു. കോഴിക്കോട് നടന്ന എസ്കെഎസ്എസ്എഫിൻ്റെ ആദർശ സമ്മേളനത്തിൽ സമസ്താ കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കവും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന വാദം ഉന്നയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com