അഞ്ച് വയസുകാരിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി; പിതാവ് കർണാടക അജ്ജംപൂർ പൊലീസിന്റെ പിടിയിൽ
കർണാടക ചിക്കമംഗളൂരുവിലെ ശിവാനി ഗ്രാമത്തിൽ അഞ്ച് വയസുകാരിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. സംഭവത്തിൽ പിതാവ് മഞ്ജുനാഥിനെ അജ്ജംപൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ വീട്ടിൽ തനിച്ചാക്കി ഭാര്യയോടൊപ്പം ജോലിയ്ക്ക് പോയ മഞ്ജുനാഥ് മദ്യപിച്ച ശേഷം തിരിച്ചെത്തി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ വിശ്വസ്തതയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ALSO READ: ജാർഖണ്ഡ് സ്വദേശിനിയെ കൊന്ന് 30 കഷണങ്ങളാക്കിയ സംഭവം: മുഖ്യപ്രതി തൂങ്ങിമരിച്ച നിലയിൽ
അജ്ജംപൂർ താലൂക്കിലെ ശിവാനി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന മഞ്ജുനാഥിൻ്റെയും മംഗളയുടെയും മകളാണ് കൊല്ലപ്പെട്ട അഞ്ച് വയസുകാരി. കുട്ടിയെ വീട്ടിൽ തനിച്ചാക്കിയാണ് ഇരുവരും സംഭവദിവസം ജോലിയ്ക്ക് പോയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി മാതാവ് തിരിച്ചെത്തിയപ്പോഴാണ് കവിളിലും കൈയിലും മുറിവേറ്റ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അന്നേദിവസം ഉച്ചയ്ക്ക് മദ്യപിച്ചെത്തിയ മഞ്ജുനാഥ് മകളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. മഞ്ജുനാഥും ഭാര്യ മംഗളയും തമ്മിൽ ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അജ്ജംപൂർ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. വിരലടയാള വിദഗ്ധരുടെ സംഘവും ഡോഗ് സ്ക്വാഡും സ്ഥലം സന്ദർശിച്ചിരുന്നു.