"കെസിഎ പണ്ടും കരിയർ തകർക്കാൻ ശ്രമിച്ചു, സഞ്ജു കരയുകയായിരുന്നു, രക്ഷകനായത് ദ്രാവിഡ് സാർ"; വെളിപ്പെടുത്തലുമായി പിതാവ്

സഞ്ജുവിൻ്റെ കുട്ടിക്കാലത്തും കെസിഎയിൽ ചിലർ താരത്തിനെതിരെ പ്രവർത്തിച്ചിരുന്നുവെന്നാണ് പിതാവ് സാംസൺ വിശ്വനാഥൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്
"കെസിഎ പണ്ടും കരിയർ തകർക്കാൻ ശ്രമിച്ചു, സഞ്ജു കരയുകയായിരുന്നു, രക്ഷകനായത് ദ്രാവിഡ് സാർ"; വെളിപ്പെടുത്തലുമായി പിതാവ്
Published on


ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ചാംപ്യൻസ് ട്രോഫി ടീം തെരഞ്ഞെടുപ്പിൽ സഞ്ജു സാംസണെ തഴയാനിടയായ സാഹചര്യവും കെസിഎ പ്രസിഡൻ്റിൻ്റെ വെളിപ്പെടുത്തലും അടുത്തിടെ വിവാദമായിരുന്നു. സഞ്ജുവിന് തോന്നുമ്പോൾ വന്നു കളിക്കാനുള്ള സ്ഥലമല്ല കേരള ടീമെന്നാണ് ഈഗോ മൂത്ത കെസിഎ പ്രസിഡൻ്റ് വിമർശിച്ചത്. ഇതിനെതിരെ അന്ന് തന്നെ സഞ്ജുവിൻ്റെ പിതാവ് കടുത്ത വിമർശനമുന്നയിച്ചിരുന്നു. എന്നാൽ സഞ്ജുവിൻ്റെ കുട്ടിക്കാലത്തും കെസിഎയിൽ ചിലർ താരത്തിനെതിരെ പ്രവർത്തിച്ചിരുന്നുവെന്നാണ് പിതാവ് സാംസൺ വിശ്വനാഥൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ സ്റ്റാർ ക്രിക്കറ്റർ സഞ്ജു സാംസണിൻ്റെ ചെറുപ്പത്തിലും കേരള ക്രിക്കറ്റ് അസോസിയേഷനിലെ ചിലർ അദ്ദേഹത്തിൻ്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചെന്നും മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡാണ് അന്ന് രക്ഷയ്ക്കെത്തിയതെന്നും സാംസൺ വിശ്വനാഥ് പറഞ്ഞതായി സ്പോർട്സ് ടുഡേ റിപ്പോർട്ട് ചെയ്തു. സഞ്ജുവിന് 11 വയസ് മാത്രം പ്രായം ഉണ്ടായിരുന്ന സമയത്താണ് ഇതെന്നും അദ്ദേഹം ഓർത്തെടുത്തു.

"രാഹുൽ ദ്രാവിഡിനെക്കുറിച്ച് ഞാൻ ഒരു സംഭവം പറയാം. സഞ്ജുവിനെ അവഗണിച്ച് അവൻ്റെ കരിയർ തകർക്കാൻ കെസിഎയിൽ ചിലർ ശ്രമിച്ചപ്പോൾ ദ്രാവിഡ് സാർ ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. സഞ്ജു ഇന്ന് എവിടെയാണെങ്കിലും അതിന് രാഹുൽ ദ്രാവിഡിനോട് കടപ്പെട്ടിരിക്കുന്നു. അന്ന് സഹായിച്ച ആരെയും ഞാൻ മറന്നിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജുവിനെതിരെ നടപടിയെടുക്കുകയും അവൻ്റെ അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്തപ്പോൾ ഞങ്ങളെല്ലാവരും ഏറെ നിരാശരായി വീട്ടിലിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് സഞ്ജുവിന് ഒരു ഫോൺവിളി വരുന്നത്. കരഞ്ഞു കൊണ്ടാണ് ഫോൺ എടുത്തത്. ഫോണിൻ്റെ അങ്ങേത്തലയ്ക്കൽ രാഹുൽ ദ്രാവിഡ് സാറായിരുന്നു. അന്ന് ആവേശം കൊണ്ട് സഞ്ജു തുള്ളിച്ചാടുകയായിരുന്നു.

"ഫോൺ താഴെ വെച്ചതിന് ശേഷം ദ്രാവിഡ് സാറാണ് വിളിച്ചതെന്ന് സഞ്ജു എന്നോട് പറഞ്ഞു. സഞ്ജു, നിങ്ങൾക്ക് സംഭവിക്കുന്നതെല്ലാം എനിക്ക് മനസിലായി. അവർക്കെല്ലാം നിന്നോട് അസൂയയാണ്. നീ വിഷമിക്കേണ്ട, മനോവീര്യം കുറയ്‌ക്കരുത്. പരിശീലനം തുടരൂ, ദേശീയ ക്രിക്കറ്റ് ടീമിൻ്റെ സെലക്ഷനായി പരിശ്രമിക്കൂ എന്നാണ് ദ്രാവിഡ് സാർ പറഞ്ഞത്. അന്ന് കെസിഎയെ മറികടന്ന് സഞ്ജുവിൻ്റെ സെലക്ഷനായി പ്രവർത്തിച്ചത് രാഹുൽ സാറായിരുന്നു. അന്നു മുതൽ സഞ്ജുവിന് അദ്ദേഹം സംരക്ഷകനായിരുന്നു' സാംസൺ വിശ്വനാഥ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com