'ദൈവത്തെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണം'; ആന്ധ്രാ സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

മായം കലർന്ന നെയ്യ് ഉപയോഗിച്ചതിന് തെളിവില്ലെന്നും, ദൈവത്തെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും സുപ്രീംകോടതി വിമ‍ർശിച്ചു
'ദൈവത്തെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണം'; ആന്ധ്രാ സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം
Published on

തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തിൽ ആന്ധ്രാ പ്രദേശ് സർക്കാരിന് വിമ‍ശനവുമായി സുപ്രീംകോടതി. മായം കലർന്ന നെയ്യ് ഉപയോഗിച്ചതിന് തെളിവില്ലെന്നും, ദൈവത്തെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും സുപ്രീംകോടതി വിമ‍ർശിച്ചു. മതവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ലഡുവിൽ മൃഗക്കൊഴുപ്പ് കലർത്തിയിട്ടുണ്ടെന്ന് ആരോപിച്ചുള്ള ഹ‍ർജികൾ പരിശോധിക്കുകയായിരുന്നു സുപ്രീം കോടതി.

ലാബ് റിപ്പോ‍ർട്ടിൽ പ്രഥമദൃഷ്ട്യാ മൃ​ഗക്കൊഴുപ്പ് കണ്ടെത്തിയിട്ടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സ‍ർക്കാർ അന്വേഷണ റിപ്പോ‍‍ർട്ട് പുറത്തുവരും മുൻപ് മാധ്യമങ്ങളെ കണ്ടതിനെയും, ഊഹാപോഹങ്ങൾ വെച്ച് കാര്യങ്ങൾ വിശദീകരിച്ചതിനെയും, എസ്ഐടി റിപ്പോ‍ർട്ടിനെയും കോടതി ചോദ്യം ചെയ്തു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം പരി​ഗണിച്ചത്. വ്യാഴാഴ്ച കോടതി വിഷയം വീണ്ടും പരിഗണിക്കും.

ജഗൻ മോഹൻ റെഡ്ഡിയുടെ കീഴിലുള്ള സർക്കാർ തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നു എന്ന ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. മായം കലർന്നേക്കാവുന്ന നെയ്യ് അടങ്ങിയ ടാങ്കർ ജൂലൈ 12ന് തിരുപ്പതിയിൽ എത്തിയെങ്കിലും അത് തിരിച്ചയക്കുകയായിരുന്നെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ വാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com