പുതിയ വെളിപ്പെടുത്തലത്തിൻ്റെ പശ്ചാത്തലത്തിൽ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു
കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണത്തിന് സർക്കാർ നീക്കം തുടങ്ങി. കേസ് അന്വേഷിച്ച പ്രത്യേക സംഘത്തോട് കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ സർക്കാർ നിർദേശിച്ചു. കവർച്ചക്ക് പിന്നിലെ ഹവാല ഇടപാട് ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ എഴുതിയ കത്ത് ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. 9 പേജുകളുള്ള കത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് രൂപ കേരളത്തിലേക്ക് കടത്തിയതിൻ്റയടക്കം വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
2021 ജൂലൈ 21നാണ് കൊടകര കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിച്ച കേസുകളിൽ വീണ്ടും അന്വേഷണം നടത്താൻ കോടതിയുടെ അനുമതി വേണം. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂർ എസിപി വി.കെ രാജുവിനോട് കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ ആഭ്യന്തരവകുപ്പ് നിർദേശിച്ചത്.
ALSO READ: കോടിക്കണക്കിന് രൂപയ്ക്ക് കാവല്‍ നിന്നയാളാണ് താന്‍; ബിജെപിയുടെ വാദം തള്ളി തിരൂര്‍ സതീശ്
മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലത്തിൻ്റെ പശ്ചാത്തലത്തിൽ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. പുനരന്വേഷണം സത്യസന്ധമെങ്കിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് തിരൂർ സതീശും പ്രതികരിച്ചു.
കൊടകര കുഴൽപണ കേസിൽ ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസ് അന്വേഷിച്ച അസിസ്റ്റന്റ് കമ്മീഷണർ വി.കെ. രാജു ഇഡിക്ക് അയച്ച കത്ത് ന്യൂസ് മലയാളം പുറത്തുവിട്ടത്. കവർച്ചയ്ക്ക് പിന്നിലെ ഹവാല ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെ കൊച്ചി ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർക്കാണ് കേരള പൊലീസ് കൈമാറിയത്. കേരള പൊലീസ് ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടേ ഇല്ലെന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന കത്തിലെ വിശദാംശങ്ങൾ.