കൊടകര കുഴൽപ്പണക്കേസ്: അന്വേഷണത്തിന് അനുമതി നല്‍കി കോടതി, 90 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദേശം

ബിജെപി ഓഫീസിലേക്ക് കള്ളപ്പണം എത്തിച്ചുവെന്ന മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിലാണ് കേസിൽ പുനരന്വേഷണത്തിന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്
കൊടകര കുഴൽപ്പണക്കേസ്: അന്വേഷണത്തിന്  അനുമതി നല്‍കി കോടതി, 90 ദിവസത്തിനകം  റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദേശം
Published on

കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണത്തിന് അനുമതി നല്‍കി കോടതി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന് അനുമതി നൽകിയത്. 90 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നിർദേശം. ബിജെപി ഓഫീസിലേക്ക് കള്ളപ്പണം എത്തിച്ചുവെന്ന മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിലാണ് കേസിൽ പുനരന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

കൊച്ചി ഡിസിപി കെ. സുദർശൻ നേതൃത്വം നൽകുന്ന അന്വേഷണ സംഘത്തിൻ്റെ മേൽനോട്ട ചുമതല തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനാണ്. പുനരന്വേഷണത്തിന് അനുമതി ലഭിച്ചതിനെ തുടർന്ന് കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശൻ്റെ മൊഴി നാളെ രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ വച്ച് മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

Also Read: കൊടകര കുഴല്‍പ്പണ കേസ്: അന്വേഷണത്തിനായി പുതിയ സംഘം; ഉത്തരവിറക്കി ഡിജിപി

2021 ഏപ്രില്‍ നാലിനാണ് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ പണം കവര്‍ച്ച ചെയ്യപ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പൊലീസില്‍ പരാതി നല്‍കി. 25 ലക്ഷം രൂപയടക്കം കാര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നതായും ബിജെപിയുടെ പണമാണ് ഇതെന്നും കണ്ടെത്തിയിരുന്നു. പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

സംഭവത്തില്‍ 23 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കം 19 പേര്‍ കേസില്‍ സാക്ഷികളാണ്. തെരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്ക് നല്‍കാന്‍ എത്തിച്ച പണമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അന്വേഷണം അവസാനിപ്പിച്ച കേരളാ പൊലീസ് കേസ് ഏറ്റെടുക്കണമെന്ന് ഇഡിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com