ഒരു ബാറ്ററി ചൂടായി ബള്‍ജ് ചെയ്ത് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. തീ പടര്‍ന്ന് മറ്റ് ബാറ്ററികളും പൊട്ടിത്തെറിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്ന സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. സിപിയു യൂണിറ്റില്‍ തീപിടിച്ചതാണ് പുക ഉയരാനുള്ള കാരണം. ബാറ്ററിയിലെ ഇന്റേണല്‍ ഷോര്‍ട്ടേജാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരു ബാറ്ററി ചൂടായി ബള്‍ജ് ചെയ്ത് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. തീ പടര്‍ന്ന് മറ്റ് ബാറ്ററികളും കത്തി പൊട്ടിത്തെറിച്ചു. ബാറ്ററി സൂക്ഷിച്ച റൂമിലേക്കും തീപടരുകയും 34 ബാറ്ററികള്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റിടങ്ങളിലേക്ക് തീ വ്യാപിച്ചില്ലെങ്കിലും കെട്ടിടത്തില്‍ നിറയെ പുക ഉയരാന്‍ കാരണമായി. ലെഡ് ആസിഡ് ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്.
അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും ജില്ലാ ഫോറന്‍സിക് വിഭാഗവും നടത്തുന്ന പരിശോധന തുടരുകയാണ്. സംഭവത്തില്‍ ജീവനക്കാരുടെ മൊഴി എടുക്കും. സിസിടിവി ദൃശ്യങ്ങളും റെക്കോര്‍ഡും ഇന്ന് പരിശോധിക്കും.
അതേസമയം, മെഡിക്കല്‍ കോളേജില്‍ സജ്ജീകരിക്കുന്ന ബദല്‍ കാഷ്വാലിറ്റിയുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. ദ്രുതഗതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. പുക ഉയര്‍ന്ന കാഷ്വാലിറ്റിയില്‍ ഭാഗികമായി വൈദ്യുതി പുനഃസ്ഥാപിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജിലേ രോഗികള്‍ക്ക് തിരികെ എത്താമെന്നുള്ള നിര്‍ദേശം നല്‍കി തുടങ്ങി.
Also Read: മെഡിക്കൽ കോളേജിലെ അപകടം: സാങ്കേതികമായ അന്വേഷണം ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
മെയ് രണ്ടിന് രാത്രി 7.45-ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ പുക ഉയര്‍ന്നത്. പുക ഉയര്‍ന്നതിന് പിന്നാലെ മരിച്ച രോഗികളുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൂന്നു പേരുടെ മരണം പുക ശ്വസിച്ചല്ലെന്നും രണ്ട് പേര്‍ മരിച്ചത് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്നാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.