
കോടികള്‍ മുടക്കി റീടാറിങ് ഉൾപ്പെടെ നടത്തിയിട്ടും എറണാകുളം കുണ്ടന്നൂര്‍-തേവര പാലത്തിലെ ടാര്‍ വശങ്ങളിലേക്ക് അടിയുന്നതിന് ഇനിയും പരിഹാരമില്ല. ആറ് മാസം മുൻപാണ് 13 കോടി മുടക്കി പാലങ്ങള്‍ റീ ടാറിങ് നടത്തിയത്. എന്നിട്ടും പലയിടത്തും ടാര്‍ തെന്നി മാറിയ നിലയിലാണ്. കോടികൾ മുടക്കി നടത്തിയ നവീകരണത്തിലെ പാകപ്പിഴകളാണോ ഇതിന് കാരണം? അതോ പാലത്തിലെ സാങ്കേതിക തകരാറുകളാണോ ഈ പ്രശ്നത്തിന് കാരണം? പ്രശ്നങ്ങൾ ആവർത്തിക്കുമ്പോഴും എന്തു കൊണ്ടാണ് പാലത്തിൽ കാര്യക്ഷമതാ പരിശോധന നടത്താത്തത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് റോഡിന്‍റെ ഈ ശോചനീയാവസ്ഥ ഉയർത്തുന്നത്.
എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായാണ് കുണ്ടന്നൂർ ജംഗ്ഷൻ മുതൽ തേവര വരെ പാലം നിർമിച്ചത്. പാലം നിർമിച്ച് 10 കൊല്ലത്തിന് ശേഷമാണ് ടാറിങ് ഇളകി മാറുന്ന പ്രശ്നം ഉണ്ടാകാൻ തുടങ്ങിയത്. കഴിഞ്ഞ 10 വർഷത്തിനിടെ 30 കോടിയിലേറെ രൂപയാണ് പല തവണകളിലായി പാലം റീടാർ ചെയ്യുന്നതിനായി ചെലവാക്കിയത്. പക്ഷെ ഒന്നും ഫലം കണ്ടില്ല.
കുണ്ടന്നൂര്‍ തേവര പാലത്തിന്‍റെ ഈ അവസ്ഥ പരിഹരിക്കാനാണ് ആറ് മാസം മുൻപ് പാലം പൂര്‍ണമായി അടച്ചിട്ട് മുഴുവന്‍ ടാറും ഇളക്കി മാറ്റി 13 കോടി രൂപ മുടക്കി റീ ടാറിങ് നടത്തിയത്. പക്ഷേ പഴയ പ്രശ്നം വീണ്ടും ഉടലെടുത്തിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിൽ ടാർ അരികിലേക്ക് ഇളകി മാറിത്തുടങ്ങി. ചിലയിടങ്ങളില്‍ ടാറ് ഉരുണ്ടി കൂടി കിടക്കുകയാണ്. ഇത് ഇരുചക്രവാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു.
പത്ത് വര്‍ഷത്തിനിടെ ലഭ്യമായ കണക്കുകള്‍ പ്രകാരം മാത്രം 28 കോടി രൂപയാണ് രണ്ട് കിലോ മീറ്ററില്‍ താഴെ മാത്രം വരുന്ന പാലത്തിലെ റീ ടാറിങിനായി മാത്രം ചെലവാക്കിയത്. പണം വാരിക്കോരി ഒഴുക്കുന്നുണ്ടെങ്കിലും ഈ പ്രശ്നത്തിന് മറ്റേതെങ്കിലും കാരണമുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റി തയ്യാറായിട്ടില്ല. പാലത്തിന്‍റെ കാര്യക്ഷമത പരിശോധനയോ സ്പാനുകളുടെ കാര്യക്ഷമത പരിശോധനയോ ഇക്കാലയളവില്‍ നടന്നിട്ടില്ലെന്നാണ് ദേശീയ പാത അതോറിറ്റിയുടെ മറുപടി.
കഴിഞ്ഞ പത്ത് വര്‍ഷമായി കുണ്ടന്നൂര്‍ - തേവര പാലത്തിന്‍റെ ഇരു പാലങ്ങളിലെയും ടാറ് വശങ്ങളിലേക്ക് ഒഴുകി മാറുന്ന പ്രശ്നം തുടരുന്നുണ്ട്. 2016-17 കാലഘട്ടത്തില്‍ 2 ,23,000 രൂപ ചിലവാക്കി പാലത്തിലെ കുഴികള്‍ അടച്ചുവെങ്കിലും മാസങ്ങള്‍ കഴിയും മുൻപേ വീണ്ടും ടാറ് ഇളകി മാറി. തുടര്‍ന്ന് 2017-18 കാലഘട്ടത്തില്‍ 5 കോടി 83 ലക്ഷം രൂപ ചിലവാക്കി നവീകരണം നടത്തി. പക്ഷേ പാലത്തിലെ ടാറ് ഇളകി മാറുന്ന പ്രശ്നം മാറിയില്ലെന്ന് മാത്രമല്ല വശങ്ങളിലേക്ക് തെന്നിയും മാറി. തെന്നി മാറിയ ടാർ റോഡിന്റെ പല ഭാഗങ്ങളിൽ മുഴച്ച് നിന്നതോടെ ഇതിൽ കയറി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ട് മരണം വരെ സംഭവിക്കുന്നതിലേക്ക് എത്തി.
2021-22 ല്‍ എട്ട് കോടി 33 ലക്ഷം രൂപ മുടക്കി വീണ്ടും നവീകരണ പ്രവര്‍ത്തനം നടന്നു. 2022-23 കാലഘട്ടത്തില്‍ കുഴി അടയ്ക്കല്‍ തുടര്‍ന്നു. പീന്നീട് കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ ഇരുപാലങ്ങളും പൂര്‍ണമായും അടച്ചിട്ട് നവീകരണം നടത്താന്‍ തീരുമാനിച്ചു. രണ്ട് പാലങ്ങളിലെയും ടാര്‍ മുഴുവന്‍ ഇളക്കി മാറ്റി 13 കോടി രൂപ മുടക്കി ടാറിങ് പൂര്‍ത്തിയാക്കി. എസ്എംഎ നിർമാണവിദ്യ ഉപയോഗിച്ചുള്ള ടാറിങ്ങിലൂടെ കൂടുതൽ ഈടും കരുത്തും ഉറപ്പാക്കാനാകും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതും തെന്നിമാറിയ നിലയിലാണ്. മഴക്കാലത്തിന് മുമ്പ് പാലത്തിലെ ടാര്‍ തെന്നിമാറുന്നതിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്തി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മുന്‍കാലങ്ങളിലേത് പോലെ അപകടങ്ങള്‍ക്ക് ഇത് കാരണമായേക്കും.