തെക്കൻ ബെയ്‌റൂട്ടിൽ ആശുപത്രിക്ക് സമീപം ഇസ്രയേൽ ആക്രമണം; 4 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ആക്രമിക്കാൻ സാധ്യതയുള്ള ഏഴ് സ്ഥലങ്ങളുടെ പേരുകൾ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പ് മേഖലകളുടെ കൂട്ടത്തിൽ ആശുപത്രി ഉണ്ടായിരുന്നില്ല
തെക്കൻ ബെയ്‌റൂട്ടിൽ ആശുപത്രിക്ക് സമീപം ഇസ്രയേൽ  ആക്രമണം; 4 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Published on

തെക്കൻ ബെയ്‌റൂട്ടിൽ പ്രധാന സർക്കാർ ആശുപത്രിക്ക് സമീപം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലബനീസ് ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം പുറത്തു വിട്ടത്. തിങ്കളാഴ്ച വൈകുന്നേരം തെക്കൻ ബെയ്‌റൂട്ടിൽ നടന്ന 13 വ്യോമാക്രമണങ്ങളിൽ ഒന്നാണിത്. ഹിസ്ബുള്ളയുമായി ബന്ധമുള്ള കേന്ദ്രങ്ങൾ ആക്രമിക്കുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

തെക്കൻ ബെയ്‌റൂട്ടിലെ പല സ്ഥലങ്ങളിൽ നിന്നും മാറിത്താമസിക്കാൻ ഇസ്രയേൽ വക്താവ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമിക്കാൻ സാധ്യതയുള്ള ഏഴ് സ്ഥലങ്ങളുടെ പേരുകൾ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നിയന്ത്രണം പ്രഖ്യാപിച്ച മേഖലകളുടെ കൂട്ടത്തിൽ റഫീക്ക് ഹരിരി ആശുപത്രി ഉണ്ടായിരുന്നില്ല.


ലബനനിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ ബെയ്‌റൂട്ട് വിമാനത്താവളത്തിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെയായി മറ്റൊരു സ്ഥലം കൂടി ഇസ്രയേൽ സൈന്യം ആക്രമിക്കാൻ ലക്ഷ്യമിടാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രയേലിനെതിരായ ഹിസ്ബുള്ളയുടെ ആക്രമണങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ഉപയോഗിച്ചിരുന്ന കോടിക്കണക്കിന് ഡോളറിൻ്റെ പണവും സ്വർണവും, ഹാരെറ്റ് ഹ്രീക്കിലെ സഹേൽ ആശുപത്രിയുടെ കീഴിലുള്ള ബങ്കറിൽ സൂക്ഷിച്ചിരുന്നതായി ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.


എന്നാൽ സഹേൽ ഹോസ്പിറ്റലിൻ്റെ ഡയറക്ടർ ബങ്കർ ഉണ്ടെന്ന വാദം നിഷേധിക്കുകയും സ്ഥലം പരിശോധിക്കാൻ ലബനൻ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഹിസ്ബുള്ളയ്‌ക്കെതിരായ യുദ്ധം ഇസ്രയേൽ വിപുലീകരിക്കുകയും, മാത്രമല്ല ഇത് സാമ്പത്തിക ശൃംഖലകളെ ലക്ഷ്യമിടുന്നതായും റിപ്പോർട്ടുണ്ട്. രാജ്യത്തിൻ്റെ തെക്കും കിഴക്കും ഹിസ്ബുള്ളയുമായി ബന്ധമുള്ള സാമ്പത്തിക അസോസിയേഷൻ്റെ ശാഖകൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു.

അൽ-ഖർദ് അൽ-ഹസ്സൻ അസോസിയേഷൻ്റെ (AQAH)പണമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. എന്നാൽ AQAH-ൽ നിന്നോ ഹിസ്ബുള്ളയിൽ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ മിഡിൽ ഈസ്റ്റിലെ ഒരു ഉദ്യോഗസ്ഥൻ ബെയ്‌റൂട്ടിലെത്തുകയും, യുദ്ധം ചർച്ചകളിലൂടെ അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ലബനനിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് അമോസ് ഹോച്ച്‌സ്റ്റീൻ പറഞ്ഞു.

അതേസമയം ഹിസ്ബുള്ളയിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം തുടർന്നുവെന്നും ,തിങ്കളാഴ്ച വൈകുന്നേരത്തോടെ 170 റോക്കറ്റുകൾ അതിർത്തി കടന്നതായും സൈന്യം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടെ 1,800 പേർ ഉൾപ്പെടെ, ലബനനിൽ 2,400-ലധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ഇസ്രയേലിലും അധിനിവേശ ഗോലാൻ കുന്നുകളിലും 59 പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അധികൃതർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com