
കണ്ണൂർ മാടായി കോളേജ് നിയമന വിവാദത്തിലെ എട്ട് പേർക്കെതിരെ ഉള്ള അച്ചടക്ക നടപടി പിൻവലിച്ചു. എം.കെ. രാഘവൻ എംപിക്ക് നേരെ പരസ്യ പ്രതിഷേധം നടത്തിയതിൻ്റെ പേരിൽ പുറത്താക്കിയവരെയാണ് തിരിച്ചെടുത്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ അധ്യക്ഷനായ കമ്മീഷന്റെ നിർദേശ പ്രകാരമാണ് നടപടി.
കമ്മീഷൻ റിപ്പോർട്ടിൽ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിനുള്ള നിർദേശങ്ങൾ നിർദേശങ്ങൾ ഡിസിസിക്ക് ലഭിച്ചിട്ടുണ്ടെന്നും, അതിൻ്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്തതായി അറിയിക്കുന്നുവെന്നും ഡിസിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കെ. കെ. ഫൽഗുനൻ, എം. പ്രദീപ് കുമാർ, പി.ടി. പ്രതീഷ്, എം.കെ. ബാലകൃഷ്ണൻ, കാപ്പാടൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ.വി. സതീഷ് കുമാർ, കെ.പി. ശശി എന്നിവരെയാണ് പാർട്ടിയിൽ തിരിച്ചെടുത്തത്.
നിയമനത്തിനായുള്ള അഭിമുഖ ദിനത്തിൽ കോളേജിലെത്തിയ എം.കെ.രാഘവനെ തടഞ്ഞു നിര്‍ത്തിയാണ് ഇവർ പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒഴിവാക്കി സ്വന്തക്കാരായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കാന്‍ നീക്കം നടത്തുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം.
മാടായി കോളേജിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് മൂന്നും (ഭിന്നശേഷി വിഭാഗം) കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് (ഓപ്പൺ മെറിറ്റ്) ഒരൊഴിവും ഉണ്ടെന്ന് കാണിച്ച് 2024 ജൂലൈ 31നാണ് വിജ്ഞാപനം പുറത്തിറക്കിയത്. 2024 ഡിസംബർ ഏഴിന് തസ്തികയിലേക്കുള്ള ഇന്‍റർവ്യൂവും നടന്നു. എന്നാല്‍ ഈ തസ്തികകളിലേക്ക് എം.കെ. രാഘവന്‍ എംപിയുടെ ബന്ധുവായ എം.കെ. ധനേഷ് ഉൾപ്പടെ മൂന്ന് സിപിഎം പ്രവർത്തകരെ നിയമിക്കുകയായിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.