മാവോയിസ്റ്റ് നേതാവ് നംബാല കേശവ റാവുവിനെ സൈന്യം വധിച്ചതായാണ് റിപ്പോർട്ട്
ഛത്തീസ്‌ഗഡിലെ ഏറ്റുമുട്ടലിനിടെ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് നംബാല കേശവ റാവുവിനെ സൈന്യം വധിച്ചതായി റിപ്പോർട്ട്. 31ഓളം പേർ കൊല്ലപ്പെട്ട ഏറ്റുമുട്ടലിലാണ് ബസവരാജ് എന്നറിയപ്പെടുന്ന നംബാല കേശവ റാവു ഉൾപ്പെട്ടിട്ടുണ്ടെന്ന് ചത്തീസ്‌ഗഡ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഈ ഓപ്പറേഷനിൽ നിരവധി ഉന്നത നക്സൽ കമാൻഡർമാരെയും വാണ്ടഡ് വിമതരെയും കൊലപ്പെടുത്തിയെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് അവരുടെ ഐഡൻ്റിറ്റി സ്ഥിരീകരിക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ALSO READ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
ബസവരാജ് സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറിയും അതിൻ്റെ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി, കേന്ദ്ര സൈനിക കമ്മീഷൻ എന്നിവയിലെ അംഗവുമായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഛത്തീസ്‌ഗഡ്-തെലങ്കാന അതിർത്തിയിൽ മാവോയിസ്റ്റ് സാന്നിധ്യം നേരിടാൻ സുരക്ഷാ സേന 'ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്' നടത്തി ഒരു മാസത്തിന് ശേഷമാണ് ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.
ഏറ്റുമുട്ടലിൽ 214 ഓളം മാവോയിസ്റ്റ് ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിച്ചുവെന്നും, ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ, ബിജിഎൽ ഷെല്ലുകൾ, ഡിറ്റണേറ്ററുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ പിടിച്ചെടുത്തുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.