കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശി രജനിക്കാണ് ചികിത്സ മാറി നൽകിയത്
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി. ശരീരവേദനയുമായി എത്തിയ യുവതിക്ക് മാനസിക രോഗത്തിനുള്ള ചികിത്സ നൽകിയെന്നായിരുന്നു ആരോപണം. കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശി രജനിക്കാണ് ചികിത്സ മാറി നൽകിയത്.
ശരീരമരവിപ്പും വേദനയുമായി ചികിത്സ തേടിയെത്തിയ രജനിക്ക് ആദ്യം നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സയാണ്. അതീവ ഗുരുതരമായ ഗില്ലൈൻ ബാരി സിൻഡ്രോം രോഗം കണ്ടുപിടിക്കാനോ അതിനുള്ള ചികിത്സ നൽകാനോ ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് കഴിഞ്ഞില്ല. രജനിയുടെ രോഗാവസ്ഥ തിരിച്ചറിയാതെ ആദ്യഘട്ടത്തിൽ ചികിത്സ നൽകിയതോടെ ആരോഗ്യസ്ഥിതി മോശമായതായാണ് ബന്ധുക്കളുടെ ആരോപണം. നവംബർ നാലിനാണ് രജനി കാഷ്വാലിറ്റിയിൽ ചികിത്സ തേടിയത്. ന്യുമോണിയ കൂടി ബാധിച്ചതോടെ സൂപ്പർ സ്പെഷ്യാലിറ്റിയിലെ ഐസിയുവിൽ അത്യാസന്ന നിലയിലാണ് രജനി.
രജനിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും, അന്വേഷണ സമിതിക്കും പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയായില്ല. അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷമാണ് രജനിക്ക് ന്യുമോണിയ ബാധിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
ഇത് ആദ്യമായല്ല കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്. ഇതിനു മുന്‍പ് തുടയെല്ലുപൊട്ടിയ യുവാവിനെ ശസ്ത്രക്രിയ നൽകാതെ വെൻ്റിലേറ്ററിലാക്കിയെന്ന് മെഡിക്കൽ കോളേജിന് നേരെ പരാതി ഉയർന്നിരുന്നു. നാദാപുരം ചെക്യാട് സ്വദേശി അശ്വിനാണ് ദുരനുഭവം നേരിട്ടത്.
അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ, മജ്ജ രക്തത്തിൽ കലർന്ന് പക്ഷാഘാതം വരാനുള്ള സാധ്യത വരെയുണ്ടെന്ന് വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം അറിയിച്ചിരുന്നു. കോഴിക്കോട് എത്തിച്ച അശ്വിന്‍റെ ശസ്ത്രക്രിയ ഡോക്ടർമാർ വൈകിപ്പിച്ചെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അശ്വിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Also Read: ശസ്ത്രക്രിയ വൈകിപ്പിച്ചു; ഡോക്ടർമാരുടെ അനാസ്ഥ, കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി