VIDEO | "കളിക്കുന്ന ഇരട്ടക്കുട്ടികള്‍, തൊട്ടടുത്ത നിമിഷം കണ്ടത് അവരുടെ ചേതനയറ്റ ശരീരം, ഞങ്ങളുടെ അമ്മമാരുടെ മടിത്തട്ട് എത്രകാലം ഇങ്ങനെ ശൂന്യമായിരിക്കും"

പൂഞ്ചിൽ നടന്ന പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇരട്ട സഹോ​രങ്ങളെപ്പറ്റി പറയുമ്പോൾ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വാക്കുകൾ പലവട്ടം ഇടറി
മെഹബൂബ മുഫ്തി
മെഹബൂബ മുഫ്തി
Published on

12 വർഷക്കാലം ഇരട്ട സഹോദരങ്ങളായ സോയയും സെയ്നും ഇഴപിരിയാതെയാണ് ജീവിച്ചത്. അപ്രതീക്ഷിതമായാണ് മെയ് ഏഴിന് അവരുടെ വാടക വീടിന് സമീപം പാകിസ്ഥാൻ ഷെൽ പതിച്ചത്. ഒരുമിച്ച് മിടിച്ചു തുടങ്ങിയ അവരുടെ ഹൃദയം ഒരുമിച്ച് നിലച്ചു. അവരുടെ മാതാപിതാക്കൾക്കും അപകടത്തിൽ പരിക്കേറ്റു.

പൂഞ്ചിൽ നടന്ന പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട ഈ ഇരട്ട സഹോ​രങ്ങളെപ്പറ്റി പറയുമ്പോൾ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വാക്കുകൾ പലവട്ടം ഇടറി. ഇന്ത്യാ-പാകിസ്ഥാൻ സംഘർഷങ്ങൾ പരിഹരിക്കാൻ നയതന്ത്ര ഇടപെടലുണ്ടാകണമെന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. ശ്രീനഗറിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യുടെ ജമ്മു കശ്മീർ മേധാവി കൂടിയായ മുഫ്തി.

"ഒരു നിമിഷം ആ ഇരട്ടക്കുട്ടികൾ കളിക്കുന്നത് ഞാൻ കണ്ടു. അടുത്ത നിമിഷം ഞാൻ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അവരുടെ ശരീരങ്ങളാണ്. ഒന്നുംചെയ്യാതെ ഏറ്റുമുട്ടലുകളിൽ കുടുങ്ങിപ്പോകുന്ന ഈ കുട്ടികളും സ്ത്രീകളും എന്ത് തെറ്റാണ് ചെയ്തത്?," മുഫ്തി ചോദിച്ചു.

"ഇതവർ കളിച്ചു നടക്കേണ്ട പ്രായമായിരുന്നു...ഇതിങ്ങനെ എത്രകാലം നീളും? എത്രകാലം കശ്മീരിലെ ജനങ്ങൾ, വിശേഷിച്ച് അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഇത് സഹിക്കും. ഇനിയെത്ര കാലം കൂടി ഞങ്ങളുടെ അമ്മമാരുടെ മടിത്തട്ടുകൾ ഒഴിഞ്ഞ കിടക്കേണ്ടിവരും," ഇത് പറയുമ്പോൾ മെഹബൂബയുടെ വാക്കുകൾ ഇടറി.

ജമ്മു കശ്മീരിന് ഇരുവശത്തുമുള്ള സാധാരണക്കാർ കൊല്ലപ്പെടുകയാണെന്ന് മെഹബൂബ പറഞ്ഞു. അവരല്ല ഈ യുദ്ധം തുടങ്ങിവെച്ചത്. അവരുടെ ആ​ഗ്രഹ പ്രകാരമല്ല ഈ സംഭവങ്ങൾ നടക്കുന്നതെന്നും എന്നാൽ പരിണിതഫലം അനുഭവിക്കുന്നത് അവരാണെന്നും മുഫ്തി അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളുടെയും സൈനിക നടപടികളെ അപലപിച്ച മുഫ്തി അവ സമാധാനവും ഐക്യവും ഉറപ്പാക്കുന്നില്ലെന്നും പറഞ്ഞു. പുൽവാമ (2019), പഹൽഗാം (2025) ഭീകരാക്രമണങ്ങളെക്കുറിച്ച് പരാമർശിച്ച മെഹബൂബ മുഫ്തി ഈ സംഭവങ്ങൾ രാജ്യത്തെ ഒരു "ദുരന്തത്തിന്റെ" വക്കിലെത്തിച്ചതായി പറഞ്ഞു. ഇന്ത്യാ-പാകിസ്ഥാൻ സൈനിക നടപടിയിൽ ആശങ്ക പ്രകടിപ്പിച്ചു.

ആക്രമണം അവസാനിപ്പിക്കാൻ ഇരുവശത്തുമുള്ള നേതൃത്വത്തോട് മെഹൂബ മുഫ്തി ആവശ്യപ്പെട്ടു. സംയമനം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ മുഫ്തി നരേന്ദ്ര മോദിയോടും പാക് നേതൃത്വത്തോടും നയന്ത്ര ഇടപെടൽ നടത്താൻ അഭ്യർഥിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com