ആരാധനാലയങ്ങൾക്ക് നേരെ പാകിസ്ഥാൻ നടത്തുന്ന ഷെല്ലാക്രമണങ്ങളെ നിശിതമായി വിമർശിച്ച് ഇന്ത്യ

പാകിസ്ഥാൻ പുറത്തെടുക്കുന്നത് വളരെ ഹീനമായ രീതിയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ വിമർശിച്ചു.
ആരാധനാലയങ്ങൾക്ക് നേരെ പാകിസ്ഥാൻ നടത്തുന്ന ഷെല്ലാക്രമണങ്ങളെ നിശിതമായി വിമർശിച്ച് ഇന്ത്യ
Published on


ഇന്ത്യ-പാക് അതിർത്തിയിൽ ജമ്മു കശ്മീരിലെ ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും നേരെ പാകിസ്ഥാൻ നടത്തുന്ന ഷെല്ലാക്രമണങ്ങളെ നിശിതമായ ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഗുരുദ്വാരകൾ, ക്രിസ്ത്യൻ പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവയ്ക്ക് നേരെയും സ്കൂളുകൾക്ക് നേരെയും പാക് സൈന്യം നടത്തുന്ന ആസൂത്രിതമായ ഷെല്ലാക്രമണങ്ങൾ വർധിക്കുന്നതായി കാണാനാകുന്നുണ്ടെന്നും പാകിസ്ഥാൻ പുറത്തെടുക്കുന്നത് വളരെ ഹീനമായ രീതിയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ വിമർശിച്ചു.



"മെയ് 7ന് പുലർച്ചെ ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിന് നേരെ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയിരുന്നു. ഈ സ്കൂളിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. രണ്ട് വിദ്യാർഥികൾക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെടുകയും രക്ഷിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാക് ഷെല്ലാക്രമണം തുടർന്നതോടെ പ്രദേശവാസികളും സ്കൂൾ ജീവനക്കാരും സ്കൂളിൻ്റെ അണ്ടർ ഗ്രൗണ്ടിൽ അഭയം തേടുകയായിരുന്നു. ഈ സമയം സ്കൂൾ അടച്ചിട്ടിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അല്ലെങ്കിൽ കൂടുതൽ ആളപായം ഉണ്ടായേനെ," വിദേശകാര്യ സെക്രട്ടറി പറഞ്ഞു.



"ഗുരുദ്വാരകൾ, ക്രിസ്ത്യൻ പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവയ്ക്ക് നേരെയും സ്കൂളുകൾക്ക് നേരെയും പാക് സൈന്യം നടത്തുന്ന ആസൂത്രിതമായ ഷെല്ലാക്രമണങ്ങൾ വർധിക്കുന്നതായി കാണാനാകുന്നുണ്ട്. പാകിസ്ഥാൻ പുറത്തെടുക്കുന്നത് വളരെ ഹീനമായ രീതിയാണ്," വിക്രം മിസ്രി വിമർശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com