
പൊലീസ് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന പുഴുക്കുത്തുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തെറ്റ് ചെയ്തവരോട് സർക്കാർ കോംപ്രമൈസ് ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.ADGP എം.ആർ. അജിത്കുമാർ - RSS കൂടിക്കാഴ്ചയിലായിരുന്നു റിയാസിൻ്റെ പ്രതികരണം. സംഭവത്തിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ആര് ആരെ കണ്ടാലും സിപിഐഎമ്മിന് ഒരു നിലപാടുണ്ട്. അത് ജനങ്ങൾക്കറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്രമസമാധാന ചുമതലയുള്ള എം.ആർ. അജിത് കുമാർ രണ്ട് ആർഎസ്എസ് നേതാക്കളെ കണ്ടതായുള്ള വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം എഡിജിപി തന്നെ സ്ഥീരികരിച്ചിരുന്നു. നേരത്തെയും പി.വി. അൻവർ എംഎൽഎ എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
വിവാദത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബുമായി കൂടിക്കാഴ്ച നടത്തി. എഡിജിപിക്കെതിരായ അന്വേഷണ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, ജോൺ ബ്രിട്ടാസ് എംപി, ക്രൈംബ്രാഞ്ച് ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.