ഉറി, പുൽവാമ, പഹൽഗാം എന്നിങ്ങനെ ഓരോ സംഭവത്തിനു ശേഷവും സർക്കാർ ജാഗ്രതയോടെയാണ് പ്രതികരിച്ചതെന്ന് ചിദംബരം നിരീക്ഷിച്ചു
നരേന്ദ്ര മോദി, പി. ചിദംബരം
പഹൽഭാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ സ്വീകരിച്ച സൈനിക-നയതന്ത്ര നടപടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. പ്രതികാരത്തിനും വൻതോതിലുള്ള തിരിച്ചടിക്കും വേണ്ടിയുള്ള തീവ്രദേശീയ ആഹ്വാനങ്ങൾ മോദി തള്ളിക്കളഞ്ഞു. യുദ്ധത്തിന്റെ പരിണിതഫലങ്ങൾ മനസിലാക്കിയ മോദി പ്രത്യേക ലക്ഷ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയ സൈനിക പ്രതികരണമാണ് ബുദ്ധിപൂർവം തിരഞ്ഞെടുത്തതെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തലിന് ശേഷം 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ' എഴുതിയ ലേഖനത്തിലാണ് ചിദംബരം മോദിയുടെ നടപടികളെ വിശകലനം ചെയ്തത്.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ ആദ്യ ദിനങ്ങളിൽ നരേന്ദ്ര മോദി നടത്തിയ ഇടപെടൽ ഓർമിപ്പിച്ചാണ് പി. ചിദംബരം ലേഖനം ആരംഭിക്കുന്നത്. 'ഇത് യുദ്ധത്തിന്റെ യുഗമല്ല' എന്നായിരുന്നു മോദിയുടെ അന്നത്തെ പ്രതികരണം. ഗാസ, യുക്രെയ്ൻ പോലുള്ള യുദ്ധബാധിത പ്രദേശങ്ങളിലെ ദുരിതം എന്താണെന്ന് വിശദീകരിച്ച ശേഷമാണ് മുൻ കേന്ദ്ര ധനമന്ത്രി മോദി യുദ്ധത്തിൽ നിന്ന് എങ്ങനെ മാറി നിന്നു എന്ന് വിശദീകരിക്കുന്നത്.
ഇന്ത്യ-പാകിസ്ഥാൻ യുദ്ധം രണ്ട് ആണവശക്തികൾ തമ്മിലുള്ള സംഘർഷമാണ്. രണ്ട് ആണവ ശക്തികൾ തമ്മിലുള്ള മറ്റൊരു വലിയ യുദ്ധം ലോകത്തിന്റെ സ്ഥിരതയെയും സമ്പദ്‌വ്യവസ്ഥയെയും ദുരന്തത്തിന്റെ വക്കിലെത്തിക്കുമായിരുന്നു. ഇത് മനസിലാക്കിയ മോദി പ്രത്യേക ലക്ഷ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയ ഒരു സൈനിക പ്രതികരണമാണ് ബുദ്ധിപൂർവം തിരഞ്ഞെടുത്തതെന്നും ചിദംബരം എഴുതുന്നു. ഓപ്പറേഷൻ സിന്ദൂർ ഒരു ദുരിതബാധിത രാജ്യത്തിന്റെ ന്യായമായ പ്രതികരണമായിരുന്നുവെന്ന് ലേഖനത്തിൽ പറയുന്നു.
എന്നാൽ, മെയ് ഏഴിന് നടന്ന തിരിച്ചടിയിൽ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്), ലഷ്കറെ തൊയ്ബ (എൽഇടി), ജെയ്ഷെ മുഹമ്മദ് (ജെഎം) എന്നീ ഭീകര സംഘടനകൾ തുടച്ചുനീക്കപ്പെട്ടു എന്ന് കരുതാനാവില്ലെന്നും ചിദംബരം പറയുന്നു. ഈ സംഘടനകളുടെ നേതൃത്വം ഇപ്പോഴും കേടുകൂടാതെയിരിക്കുന്നു. കൊല്ലപ്പെട്ട ഭീകരരുടെ സ്ഥാനം ഏറ്റെടുക്കാൻ പുതിയ ആളുകളുണ്ടാകുമെന്ന് ഇതിന് മുൻപും അവർ തെളിയിച്ചിട്ടുണ്ട്. ജീവൻ ബലിയർപ്പിച്ചുവരെ ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ നടത്താൻ തയ്യാറുള്ള യുവാക്കൾ പാകിസ്ഥാനിലുണ്ടെന്നും അവിടുത്തെ സൈനിക മേധാവികളും ഐഎസ്‌ഐയും രാജ്യം ഭരിക്കുന്നിടത്തോളം കാലം, ഇന്ത്യക്കെതിരായ ഭീഷണി അവസാനിക്കില്ലെന്നും ചിദംബരം ലേഖനത്തിൽ എഴുതുന്നു.
നരേന്ദ്ര മോദിയുടെ ഭരണകാലത്ത് നടന്ന ഭീകരാക്രമണങ്ങളും കേന്ദ്രത്തിന്റെ പ്രതികരണവും ചിദംബരം അക്കമിട്ട് നിരത്തുന്നു . ഉറി, പുൽവാമ, പഹൽഗാം എന്നിങ്ങനെ ഓരോ സംഭവത്തിനു ശേഷവും സർക്കാർ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. കൂടുതൽ സത്യസന്ധമായും സുതാര്യമായും സംസാരിക്കാനും പ്രവർത്തിക്കാനും സർക്കാർ പഠിച്ചതായി തോന്നുന്നു. മെയ് ഏഴിന് ശേഷമുള്ള കേന്ദ്രത്തിന്റെ സമീപനത്തേയും ചിദംബരം സ്വാഗതം ചെയ്തു. എന്നാൽ, തനിക്ക് തോന്നിയ പോരായ്മകളും ചിദംബരം ലേഖനത്തിൽ എടുത്തുകാട്ടുന്നു. ഏപ്രിൽ 24 നും മെയ് 7 നും നടന്ന സർവകക്ഷി യോഗങ്ങളിൽ പ്രധാനമന്ത്രിയുടെ അഭാവമായിരുന്നു ഏക അനിശ്ചിതത്വം. പഹൽഗാം ആക്രമണത്തിന് ശേഷം മോദി കശ്മീർ സന്ദർശിച്ചിട്ടില്ലെന്നും ഇരകളുടെ കുടുംബങ്ങളെ ആരെയും സന്ദർശിച്ചിട്ടില്ലെന്നതും ജനങ്ങൾ ശ്രദ്ധിച്ചു. 2023 മെയ് മൂന്ന് മുതൽ സംഘർഷബാധിത മണിപ്പൂർ സന്ദർശിക്കാൻ മോദി നിരസിച്ചതിന് സമാനമായി ഈ സന്ദർശനം കണക്കാക്കപ്പെടുന്നതായും ലേഖനം പറയുന്നു.
Also Read: പഹൽഗാം ആക്രമണം മുതൽ വെടിനിർത്തൽ വരെ; രണ്ടാഴ്ചയിലേറെ നീണ്ട സംഘർഷങ്ങളുടെ നാൾവഴി
പാകിസ്ഥാനിൽ ആരാണ് ഭരിക്കുന്നത് എന്ന ചോദ്യമാണ് അവസാനമായി ചിദംബരം ഉയർത്തുന്നത്. ദുഷ്‌കരമായ ദിവസങ്ങളാണ് പാകിസ്ഥാന് മുന്നിലുള്ളതെന്ന് ചിദംബരം നിരീക്ഷിക്കുന്നു.