എന്നാൽ ഗാസയിൽ 20 ലക്ഷത്തോളം ജനങ്ങൾ രൂക്ഷ ദാരിദ്യത്തിലെന്നാണ് യുഎൻ നൽകുന്ന ഏറ്റവും പുതിയ വിവരം. അതിഭീകരമായ ഭക്ഷ്യക്ഷാമം പലസ്തീൻ മേഖലയിൽ പടരുകയാണ്.
കടുത്ത ഭക്ഷ്യക്ഷാമത്തിൻ്റെ പടുകുഴിയിലാണിപ്പോൾ ഗാസ. ഇസ്രയേൽ ആക്രമണം വീണ്ടും കടുപ്പിച്ചതോടെ യാതനയുടെ പാരമ്യത്തിലാണ് ഗാസ അടക്കമുള്ള മേഖലകളിലെ മനുഷ്യർ. അവശ്യ മരുന്നുകളോ വെള്ളമോ ഭക്ഷണമോ എത്തിക്കാനാകുന്നില്ല പലയിടത്തും. 20 ലക്ഷം പേർ കൊടിയ ദാരിദ്ര്യത്തിലെന്ന റിപ്പോർട്ടുകൾക്കിടെ കഴിഞ്ഞ 2 ആഴ്ചയ്ക്കുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു.
സാധാരണക്കാർക്ക് മരുന്നും ഭക്ഷണവും പോലുള്ള സഹായങ്ങൾ ചെറിയ തോതിൽ എത്തിക്കുന്നത് തടയില്ല. ഈ ഔദാര്യവാക്ക് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റേതാണ്. അപ്പോഴും ഇസ്രയേൽ ഒരു കാര്യം ആവർത്തിക്കുന്നു, അത് നടപ്പാക്കുകയും ചെയ്യുന്നു. ആക്രമണം കടുപ്പിക്കുക എന്നത്. എന്നാൽ ഗാസയിൽ 20 ലക്ഷത്തോളം ജനങ്ങൾ രൂക്ഷ ദാരിദ്യത്തിലെന്നാണ് യുഎൻ നൽകുന്ന ഏറ്റവും പുതിയ വിവരം. അതിഭീകരമായ ഭക്ഷ്യക്ഷാമം പലസ്തീൻ മേഖലയിൽ പടരുകയാണ്.
ഗാസ മുനമ്പിന്റെ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കാനുള്ള പോക്കാണിത് - ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഒരു തരത്തിലുള്ള മനുഷ്യത്വപരമായ സമീപനവും ഇക്കാര്യത്തിൽ പലസ്തീൻ ജനതയ്ക്ക് ലഭിക്കില്ലെന്ന് ചുരുക്കം. കഴിഞ്ഞ രണ്ടാഴ്ച്ചകളിലെ ഗാസയിൽ നടന്ന ആക്രമണങ്ങൾ അത് തെളിയിക്കുന്നുമുണ്ട്. രണ്ടാഴ്ച്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 500 ലേക്ക് എത്താനിനി അധികമില്ല എന്നതാണ് ഗാസ മുനമ്പിലേയും ഖാൻ യുനിസിലേയുമെല്ലാം സ്ഥിതി.
Also Read; സഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത 48 മണിക്കൂറില്‍ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കും; UN മുന്നറിയിപ്പ്
2023 ഒക്ടോബർ 7 ഹമാസ് നടത്തിയ ആക്രമണം നടന്ന് 19 മാസം പിന്നിട്ടിരിക്കുന്നു. എന്നാൽ ഗാസ പൂർണമായി പിടിക്കാനുള്ള തീരുമാനത്തിന് ഇസ്രയേൽ ക്യാബിനറ്റ് മെയ് 4 ന് അംഗീകാരം നൽകിയതിൽ തുടങ്ങിയതാണ് ആക്രമണ രൂക്ഷത. കഴിഞ്ഞ 10 ആഴ്ച്ചയായി അതിർത്തി മേഖലകളിൽ പലയിടത്തും ഭക്ഷണമോ മരുന്നോ നൽകാൻ ഇസ്രയേൽ സൈന്യം അനുവദിക്കാത്ത സ്ഥിതിയുണ്ടെന്ന് പലസ്തീനിയൻ മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
തെക്കൻ ഗാസയിലെ മേഖലയിൽ, ഖാൻ യൂനിസിൽ കടുത്ത ആക്രമണമുണ്ട്. മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം തന്നെ മുന്നറിയിപ്പ് നൽകുന്നു. മേഖലയുടെ പൂർണ നിയന്ത്രണം അധികം വൈകാതെ ഏറ്റെടുക്കുമെന്നത് ഇസ്രയേൽ സൈന്യം ആവർത്തിച്ചു കൊണ്ടിരിക്കുന്നു.