
നൈജീരിയയിൽ എംപോക്സിനെതിരെയുള്ള വാക്‌സിനേഷൻ ഒക്ടോബറിൽ ആരംഭിക്കും. അന്താരാഷ്ട്ര വികസനത്തിനുള്ള അമേരിക്കൻ ഏജൻസിയിൽ നിന്നും പ്രതിരോധ മരുന്നുകൾ ലഭിച്ച സാഹചര്യത്തിലാണ് എംപോക്സിനെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നൈജീരിയൻ സർക്കാർ തയ്യാറെടുക്കുന്നത്. ഒക്ടോബർ ആദ്യവാരം മുതൽ പ്രതിരോധ കുത്തിവെപ്പ് നൽകും. വാക്‌സിനേഷൻ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയതായി നൈജീരിയൻ പ്രാഥമിക ആരോഗ്യ സംരക്ഷണ വികസന ഏജൻസി മാധ്യമങ്ങളെ അറിയിച്ചു.
പ്രതിരോധ മരുന്നുകൾ ലഭിച്ചെങ്കിലും രാജ്യത്തുടനീളം വിതരണം ചെയ്യാൻ കഴിയില്ലെന്ന് ഭരണകൂടം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ അഞ്ച് സംസ്ഥാനങ്ങളിലായി 10,000 ഡോസ് വാക്സിനായിരിക്കും നൽകുക. കൂടുതൽ മരുന്ന് എത്തിക്കാനുള്ള നീക്കം നടക്കുന്നതായും ഏജൻസി അറിയിച്ചു. രാജ്യത്ത് ഇതുവരെ 40 എംപോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധയെത്തുടർന്ന് ഇതുവരെയും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
രോഗത്തിന് തടയിടാൻ അടിയന്തിര ടെൻഡർ അടിസ്ഥാനത്തിൽ വാക്സിൻ ഉത്പാദകരിൽ നിന്നും പ്രതിരോധ മരുന്നുകൾ രാജ്യങ്ങളിലേക്ക് എത്തിക്കാൻ യൂനിസെഫ് പദ്ധതിയിടുന്നുണ്ട്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത കോംഗോയിൽ ഇതുവരെ ഈ വർഷം 18000ത്തോളം എംപോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 629ഓളം എംപോക്സ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.