ചേർത്തലയിലെ നവജാത ശിശുവിൻ്റെ കൊലപാതകം പിതൃത്വവുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂചന; ഡിഎൻഎ പരിശോധന ഫലം നിർണായകം

കുഞ്ഞിനെ കൊലപ്പെടുത്തിയ രതീഷിൽ നിന്ന് യുവതി പണം കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു
ചേർത്തലയിലെ നവജാത ശിശുവിൻ്റെ കൊലപാതകം പിതൃത്വവുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂചന;  ഡിഎൻഎ പരിശോധന ഫലം നിർണായകം
Published on

ചേർത്തലയിൽ കൊല്ലപ്പെട്ട നവജാത ശിശുവിൻ്റെ പിതൃത്വവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം. കസ്റ്റഡിയിലെടുത്ത ആശയുടെ ആൺസുഹൃത്ത് രതീഷിനെ ചോദ്യം ചെയ്തതോടെയാണ് പിതൃത്വവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പിതൃത്വവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും രതീഷിൽ നിന്ന് യുവതി പണം കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു.

യുവതിയ്ക്ക് മറ്റൊരു ആൺസുഹൃത്തുമായി ബന്ധമുണ്ടെന്നും ഇയാൾക്കൊപ്പമാണ് ആശുപത്രിയിലെത്തിയതെന്നും കണ്ടെത്തലിനു പിന്നാലെയാണ് പൊലീസ് രതീഷിനെ ചോദ്യം ചെയ്തത്. കുഞ്ഞ് തൻ്റേതാണെന്ന് ആശ പറഞ്ഞതായി രതീഷ് മൊഴി നൽകി. ഒരാൾക്ക് വളർത്താൻ കൊടുക്കാമെന്ന് പറഞ്ഞ് ആശ  കുഞ്ഞിനെ കൈമാറിയെന്നും പിതൃത്വം പറഞ്ഞ് പണം കൈപ്പറ്റിയെന്നും രതീഷ് പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ പിതാവ്‌ ആരാണെന്നത് സംബന്ധിച്ച്  അവ്യക്തത നിലനിൽക്കുന്നതിനാൽ ഡിഎൻഎ പരിശോധന ഫലം നിർണായകമാകും.

കഴിഞ്ഞ ദിവസമാണ് കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിൻ്റെ അമ്മ ആശ (35), ആൺസുഹൃത്ത് രതീഷ് എന്നിവരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസവശേഷം വീട്ടിലെത്തിയ ആശയെ അന്വേഷിച്ചെത്തിയ ആശാപ്രവർത്തകർ കുഞ്ഞിനെ കാണാതായതോടെ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിൻ്റെ ചുരുൾ അഴിച്ചത്. തൃപ്പൂണിത്തുറയിലെ ദമ്പതിമാർക്ക് കുഞ്ഞിനെ കൈമാറിയെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാൽ പഞ്ചായത്ത് അധികൃതർ നടത്തിയ അന്വേഷണത്തിൽ യുവതി കള്ളം പറഞ്ഞതായി കണ്ടെത്തിയിരുന്നു.

ഓഗസ്റ്റ് 26നായിരുന്നു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ചത്. ഭർത്താവിനും അടുത്ത ബന്ധുക്കൾക്കും വിവരമറിയാമായിരുന്നെങ്കിലും വിവാഹേതര ബന്ധമായതിനാൽ അവർ സഹകരിച്ചിരുന്നില്ല. തുടർന്നാണ് യുവതി രതീഷിനെ വിളിച്ചുവരുത്തി കുഞ്ഞിനെ കൈമാറിയത്. വീട്ടിലെത്തിയ രതീഷ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വാർത്ത പുറത്തുവന്നതോടെയാണ് രതീഷ് കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്തത്. കുട്ടിയെ രതീഷിന് കൈമാറിയതായി യുവതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com