ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐഎമ്മിന് 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി വാങ്ങിയെന്നായിരുന്നു വാർത്ത
മേഘ ഇൻഫ്രാട്രക്ചർ കമ്പനിയിൽ നിന്ന് സിപിഐഎം 25 ലക്ഷത്തിൻ്റെ ഇലക്ടറൽ ബോണ്ട് വാങ്ങിയെന്ന വാർത്തയിൽ മലയാള മനോരമയ്ക്കെതിരെ നിയമ നടപടി ആരംഭിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വാർത്ത പിൻവലിച്ച് ഒന്നാം പേജിൽ ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ ക്രിമിനൽ അപകീർത്തിക്കേസും സിവിൽ കേസും ഫയൽ ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകുമെന്നും സിപിഐഎം നേതാവ് കൂട്ടിച്ചേർത്തു.
മലയാള മനോരമ ദിനപ്പത്രത്തിനും ഓൺലൈനുമെതിരെയാണ് എം.വി.ഗോവിന്ദൻ നിയമനടപടി ആരംഭിച്ചത്. ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐഎമ്മിന് 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി വാങ്ങിയെന്നായിരുന്നു വാർത്ത. ഒരു നയാ പൈസ പോലും ഇലക്ടറൽ ബോണ്ടായി സ്വീകരിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതിയിൽ നിയമയുദ്ധം നടത്തിയ പ്രസ്ഥാനമാണ് സിപിഐഎം എന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. വാർത്ത നിരുപാധികം പിൻവലിച്ച് പത്രത്തിൻ്റെ ഒന്നാം പേജിൽ ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ ക്രിമിനൽ അപകീർത്തിക്കേസും സിവിൽ കോസും ഫയൽ ചെയ്യുമെന്നും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകുമെന്നുമാണ് നോട്ടീസ്. ഹൈക്കോടതി അഭിഭാഷകനും സിപിഐഎം നേതാവുമായ അഡ്വ.കെ.എസ് അരുൺകുമാർ മുഖേനയാണ് എം.വി.ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവന പുറപ്പെടുവിപ്പിച്ചിരുന്നു. മനോരമ വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാനും പാർടിയെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രസ്താവനയിൽ ആരോപിക്കുന്നു. ഇലക്ടറൽ ബോണ്ടിനെതിരായി സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത് സിപിഐ എം ആണ്. മാത്രമല്ല, ഇലക്ടറൽ ബോണ്ട് വാങ്ങാത്തത് ഇടതുപക്ഷ പാർടികൾ മാത്രമാണെന്ന വസ്‌തതുത നേരത്തെ പുറത്തുവന്നതും മനോരമയുൾപെടെയുള്ള മാധ്യമങ്ങൾ അത് റിപ്പോർട്ടുചെയ്‌തതുമാണ്. എന്നിട്ടും വസ്‌തുതാവിരുദ്ധമായ വാർത്തയാണ് നൽകിയത്. ഇതിനെതിരെ സിപിഐ എം നിയമനടപടി സ്വീകരിക്കുമെന്നും സിപിഐഎം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
നിർമാണത്തിലെ അപാകതകൾ കാരണം ദേശീയപാതയുടെ ചില ഭാഗങ്ങളിലുണ്ടായ തകർച്ച എൽഡിഎഫിന്റെ മേൽചാരാനുള്ള ശ്രമമാണ് വാർത്തയിലൂടെ നടക്കുന്നതെന്നും പാർട്ടി ആരോപിച്ചു. "ഇപ്പോൾ വിവാദത്തിലായ കമ്പനികൾ കോൺഗ്രസിനും ബിജെപിക്കും ഇലക്ടറൽ ബോണ്ടായി കോടികൾ നൽകിയതായ വിവരം പുറത്തുവന്നതാണ്. അതിനൊപ്പം സിപിഐഎമ്മിനേയും ചേർത്തുകെട്ടാനാണ് മനോരമ ശ്രമിക്കുന്നത്. ഇലക്ടറൽ ബോണ്ടിനെതിരായി സിപിഐ എം സ്വീകരിച്ച നിലപാട് നേരത്തെതന്നെ രാജ്യം അംഗീകരിച്ചതാണ്. അതിനെ വ്യാജവാർത്തകൊണ്ട് മറയ്‌ക്കാൻ കഴിയില്ല. ബിജെപിക്ക് 6566 കോടിയും കോൺഗ്രസിന് 1123 കോടിയുമാണ് ഇലക്ടറൽ ബോണ്ടായി ലഭിച്ചതെന്ന് സുപ്രീം കോടതിയുടെ വിധിയുടെ ഭാഗമായി ചേർത്ത അനുബന്ധ രേഖയിലുണ്ട്. സിപിഐ എം ഇലക്ടറൽ ബോണ്ട് വഴി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഈ വസ്‌തുത നിലനിൽക്കെയാണ് മനോരമ വ്യാജവാർത്ത നൽിയത്. സിപിഐ എമ്മിനെതിരായി നിരന്തരം വ്യാജവാർത്ത നൽകിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്," പ്രസ്താവനയിൽ പറയുന്നു.